കാർ പാർക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; 35കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • 26/10/2022

ദില്ലി: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ്  35കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വരുൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണശാലയ്ക്ക് പുറത്ത് വരുൺ കാർ പാർക്ക് ചെയ്തിരുന്നു. ഭക്ഷണശാലയ്ക്ക് സമീപത്തെ താമസക്കാരനാണ് ഇയാൾ. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മർദനത്തിനിരയായി റോഡിൽ ഇരിക്കുകയായിരുന്ന യുവാവിനെ മറ്റൊരു യുവാവ് ഇഷ്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.  

തൊട്ടടുത്തുള്ള വാഹനത്തിന്റെ ഡോറുകൾ തുറക്കാന്‍ കഴിയാത്ത രീതിയിലാണ് കാർ പാർക്ക് ചെയ്തിരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് തര്‍ക്കമുണ്ടായത്. വരുണും മറ്റ് കാറിലുണ്ടായിരുന്നവരും തമ്മിൽ ഉണ്ടായ തർക്കം അടിയിൽ കലാശിച്ചു. തലക്ക് മാരകമായി പരിക്കേറ്റ വരുണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.  

Related News