'പാകിസ്ഥാൻ കണക്ക് പറയേണ്ടി വരും, പാക്കിസ്ഥാൻ അധിനിവേശം നടത്തിയ ഇന്ത്യൻ മണ്ണ് തിരിച്ചു പിടിക്കും': രാജ്‍നാഥ് സിംഗ്

  • 27/10/2022

ശ്രീനഗർ: പാക്കിസ്ഥാന് ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. പാക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട സമയം വരുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അധിനിവേശ കശ്മീരിൽ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്ഥാൻ. അതിൽ നിന്ന് മുള്ളുകളായിരിക്കും മുളച്ചു വരുന്നതെന്ന് രാജ്‍നാഥ് പറഞ്ഞു. പാകിസ്ഥാൻ കണക്ക് പറയേണ്ടി വരും. പാക്കിസ്ഥാൻ അധിനിവേശം നടത്തിയ ഇന്ത്യൻ മണ്ണ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും രാജ്‍നാഥ് സിംഗ് പറഞ്ഞു.


അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് എന്തെല്ലാം അവകാശങ്ങളാണ് നൽകുന്നതെന്ന് പറയാമോ എന്നും അദ്ദേഹം പാകിസ്ഥാനോട് ചോദിച്ചു. ശ്രീഗനഗറിൽ, കരസേനയുടെ കാലാൾപ്പട ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ സംഘടനകളെയും പ്രതിരോധ മന്ത്രി രൂക്ഷമായി വിമർശിച്ചു.

ഭീരരരെ സൈന്യം വധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിക്കാൻ ഏറെ പേരുണ്ട്. ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിക്കുന്ന സൈനികർക്കും കൊല്ലപ്പെടുന്ന സാധാരണക്കാർക്കും ഇതേപോലെ മനുഷ്യാവകാശങ്ങൾ ഉണ്ട്. അതെന്താണ് ഇവരാരും കാണാത്തതെന്ന് രാജ്‍നാഥ് സിംഗ് ചോദിച്ചു. ഭീകരരെ മതവുമായി കൂട്ടിക്കെട്ടും. എന്നാൽ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർ ഏതെങ്കിലും ഒരു മതത്തിൽപ്പെട്ടവർ മാത്രമാണോ. ഹിന്ദുവിനെയോ മുസ്ലീമിനെയോ ഉന്നം വച്ചല്ല ഭീകരാക്രമണം നടക്കുന്നത്. മുന്നിൽ ആരാണ് എന്നല്ല, ലക്ഷ്യം എങ്ങനെ പൂർത്തീകരിക്കാം എന്നു മാത്രമാണ് ഭീകരർ നോക്കുന്നതെന്നും രാജ്‍നാഥ് സിംഗ് വ്യക്തമാക്കി.

Related News