സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; സർക്കാർ- ഗവർണർ തർക്കം ചർച്ചയാകും

  • 28/10/2022

ഗവർണർ -സർക്കാർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ മൂന്ന് ദിവസത്തെ സിപിഐ എം കേന്ദ്ര കമ്മറ്റിയോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. ഗവർണർ വിഷയം പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും, പൊതു രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായി വിശദമായ ചർച്ച ചെയ്യും എന്നാണ് നേതാക്കളിൽ നിന്നും ലഭിച്ച വിവരം.

ധനമന്ത്രി കെ.എൻ ബാലഗോപാലനെതിരെ അപ്രീതി പ്രകടിപ്പിച്ചത് അടക്കം ഗവർണറുടെ നടപടികളെ ഏറെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.കോടിയേരി ബാലകൃഷ്ണൻറെ മരണത്തോടെ പൊളിറ്റ് ബ്യൂറോയിൽ വന്ന ഒഴിവ് നികത്തുന്നത് ചർച്ചയാകും. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ പൊളിറ്റ് ബ്യൂറോയിലെത്താനാണ് സാധ്യത. തൊഴിലാളി സംഘടനകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊളിറ്റ് ബ്യൂറോ തയാറാക്കിയ റിപ്പോർട്ട് കേന്ദ്ര കമ്മറ്റി പരിഗണിക്കും.

കൂടാതെ രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യവും ഗുജറാത്ത്,ഹിമാചൽ പ്രദേശ്, തെരഞ്ഞടുപ്പുകളും ചർച്ചക്ക് വരും. തൊഴിലാളി സംഘടന റിപ്പോർട്ടും ചർച്ച ചെയ്യും. അതേസമയം ഔദ്യോഗിക പരിപാടികൾക്കായി ഗവർണർ ഡൽഹിയിലുണ്ടെന്നതും ശ്രദ്ധേയമാണ്.

Related News