ഏക സിവിൽ കോഡിലേക്ക് ഗുജറാത്തും, റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ ഉടൻ നിയോഗിക്കും

  • 29/10/2022

അഹമ്മദാബാദ്: ഏകസിവിൽ കോഡ് നടപ്പാക്കാൻ ഗുജറാത്ത് തയ്യാറെടുക്കുന്നു. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇക്കാര്യം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുന്ന ഗുജറാത്തിൽ ബിജെപി സർക്കാർ നിർണായക നീക്കമാണ് നടത്തിയിരിക്കുന്നത്. ഏകസിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ ഉടൻ നിയോഗിക്കും.

ഹിമാചലിനും ഉത്തരാഖണ്ഡിനും പിന്നാലെ ഏക സിവിൽ കോഡിലേക്ക് നീങ്ങുന്ന, ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചു. നിയമം കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജ് അധ്യക്ഷനായ സമിതിയെ നിയോഗിക്കും. വിവിധ വശങ്ങൾ പരിഗണിച്ച് സമിതി നൽകുന്ന റിപ്പോർട്ടിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. സമിതിയിൽ നാല് അംഗങ്ങൾ വരെയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പുരുഷോത്തം രുപാല പറഞ്ഞു. 

ബിജെപിയുടെ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും നേതാക്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ജനങ്ങൾക്കിടയിൽ തുല്യത ഉറപ്പാക്കാനുള്ള ധീരമായ ശ്രമമാണ് സർക്കാരിൻറേത് എന്നായിരുന്നു ഗുജറാത്തിലെ ഗതാഗത മന്ത്രി പൂർണേഷ് മോദിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് തിയ്യതി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കും എന്ന് ഉറപ്പായിരിക്കെയാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയം. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി ഇനി ഏക സിവിൽ കോഡ് മാറും. തീരുമാനത്തോടുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണമാണ് അറിയേണ്ടത്.

Related News