സഹോദരിയെ ശല്യം ചെയ്തു, 17കാരനെ രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു

  • 30/10/2022

ന്യൂഡല്‍ഹി: 17കാരനെ രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ‍ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊലപാതകം. ഡല്‍ഹിയിലെ പട്ടേല്‍നഗറില്‍ വെള്ളിയാ‌ഴ്‌ച നടന്ന ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.


കംപ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞു വരുന്ന വഴി വീടിനു സമീപത്തു വച്ചാണ് 17കാരന്‍ ആക്രമണത്തിന് ഇരയായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരിയെ ഉപദ്രവിച്ചത് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ പ്രതികളും 17കാരനും തമ്മില്‍ തര്‍ക്കമായി. മൂന്ന് പേര്‍ തെരുവില്‍ ഏറ്റുമുട്ടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അടിപിടിക്കിടെ കൈയില്‍ കത്തിയുള്ള ഒരാള്‍ 17കാരനെ നിരവധി തവണ കുത്താന്‍ ശ്രമിക്കുന്നതും പിന്നില്‍ നിന്ന് മറ്റൊരാള്‍ എത്തി കത്തി കൊണ്ട് കുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. നട്ടെല്ലിനോട് ചേര്‍ന്നാണ് കുത്തേറ്റത്. കുത്തേറ്റതിനു പിന്നാലെ പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയി.

രക്തം വാര്‍ന്ന 17കാരന്‍ ഫോണില്‍ ആരെയോ വിളിച്ച്‌ സഹായം ചോദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇരുവരും പിടിയിലായെന്നും പൊലീസ് വ്യക്തമാക്കി.

Related News