സഹോദരനുമായി അടുപ്പം: ബന്ധം പിരിഞ്ഞ് വിവാഹം നടത്തികൊടുത്ത് ഭർത്താവ്

  • 30/10/2022

സഹോദരനുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ ഭാര്യയുമായുള്ള 24 വര്‍ഷത്തെ ദാമ്ബത്യജീവിതം അവസാനിപ്പിച്ച്‌ ഭര്‍ത്താവ്. ദാമ്ബത്യജീവിതം അവസാനിപ്പിക്കുക മാത്രമല്ല, മുന്‍ഭാര്യയും സഹോദരനുമായുള്ള വിവാഹവും നടത്തിക്കൊടുത്തു. ബംഗാളിലെ നാദിയ ജില്ലയിലെ ശാന്തിപൂര്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം.


24 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ബാഗ്‌ചി ബഗാന്‍ പ്രദേശത്തെ അമൂല്യ ദേബ്‌നാഥും ബബ്ല പ്രദേശത്തെ ദീപാലി ദേബ്‌നാഥുമായുള്ള വിവാഹം. ഇരുവര്‍ക്കും 22 വയസുള്ള വിവാഹിതനായ മകനുമുണ്ട്. ജോലിക്കായി സംസ്ഥാനത്തിന് പുറത്തായിരുന്നു അമൂല്യ താമസിച്ചിരുന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ദീപാലിയെയും സഹോദരന്‍ കേശബ് ദേബ്‌നാഥിനെയും ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ കണ്ടതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം അമൂല്യ അറിയുന്നത്.

ഭാര്യയുടെ പെരുമാറ്റത്തില്‍ മാസങ്ങളായി എനിക്ക് സംശയമുണ്ടായിരുന്നു. പ്രദേശവാസികളില്‍ നിന്ന് പല കഥകളും ഞാന്‍ കേട്ടിരുന്നു. കഴിഞ്ഞ മാസം സംശയങ്ങള്‍ ഇരട്ടിച്ചു. ഒരു ദിവസം ഇരുവരെയും ഒരുമിച്ച്‌ മുറിയില്‍ കണ്ടു. ഇരുവരെയും മുറിയിലിട്ട് കതക് പുറത്തുനിന്ന് പൂട്ടിയ ശേഷം അയല്‍വാസികളെ വിവരമറിയിച്ചുവെന്ന് അമൂല്യ പറയുന്നു.

തുടര്‍ന്ന് ദീപാലിയുമായുള്ള 24 വര്‍ഷത്തെ ദാമ്ബത്യബന്ധം അവസാനിപ്പിക്കാനും സഹോദരനെയും ഭാര്യയെയും ഒരുമിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു. അയല്‍വാസികളുടെ സാന്നിധ്യത്തിലാണ് കേശബ് ദേബ്‌നാഥും ദീപാലിയുമായുള്ള വിവാഹം അമൂല്യ ദേബ്‌നാഥ് നടത്തിക്കൊടുത്തത്.

Related News