സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും; ഗവർണർക്കെതിരായ തീരുമാനങ്ങൾ ഇന്നറിയാം

  • 30/10/2022

ദില്ലി: ദില്ലിയിൽ മൂന്നുദിവസമായി ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. കേരള ഗവർണർക്കെതിരായ പ്രതിരോധത്തിലെ പാർട്ടി തീരുമാനങ്ങൾ സി പി എം ഇന്ന് പ്രഖ്യാപിക്കും. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളെ വിഷയത്തിൽ ബിജെപിക്കെതിരെ അണി നിരത്തുക എന്നതാണ് സിസി തീരുമാനം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പാർട്ടികളുമായി ഇക്കാര്യം സംസാരിക്കും. 

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിൽ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ഇന്നലെ പി ബി യോഗം ചേർന്ന് ഇത് അടക്കമുള്ള സംഘടന വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. എംവി ഗോവിന്ദനെ കേരള ഘടകം പിബിയിലേക്ക് ശുപാർശ ചെയ്തതായാണ് സൂചന.

അതേസമയം, സുപ്രീംകോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ യുജിസി ചട്ടം പാലിക്കാതെ നിയമിച്ച വിസിമാർ പുറത്ത് പോകണമെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിസാര തർക്കങ്ങൾക്ക് കളയാൻ സമയമില്ല. ഒരു വിവാദവുമില്ല, ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. താൻ പറയുന്നത് മുഴുവൻ  ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കും  ഉണ്ട്. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്.അപ്പോഴാണ് ഒരു മന്ത്രിക്ക് 25 പേഴ്‌സണൽ സ്റ്റാഫ്. ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത് .നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിൻറെ  സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Related News