മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തം; പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കും

  • 31/10/2022

ഗുജറാത്ത്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ഗുജറാത്ത് രാജ്ഭവനിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. 

ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഗുജറാത്തിലെ മോർബി ജില്ലയിൽ മച്ചു നദിയിൽ തൂക്കുപാലം തകർന്ന് 141 പേരാണ് മരിച്ചത്.  പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ കേബിളുകൾ തന്നെ ഉപയോഗിച്ചെന്നും വ്യക്തമായി. 

മോർബി മുനിസിപ്പാലിറ്റി ഒറേവ എന്ന കമ്പനിക്കാണ് പാലം നവീകരിക്കാനുള്ള കരാർ നൽകിയത്. പാലത്തിൽ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജർമാർ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

Related News