വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

  • 01/11/2022

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഉപയോഗിക്കുന്ന സിലിണ്ടറിന് 115 രൂപ 50 പൈസയാണ് കുറച്ചത്. ഇതോടെ, 19 കിലോഗ്രാമിന്‍റെ വാണിജ്യ സിലിണ്ടറിന് ന്യൂഡല്‍ഹിയില്‍ 1744 രൂപയായി കുറഞ്ഞു. നേരത്തെ ഇത് 1859.50 രൂപയായിരുന്നു. 

ഡല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ മുംബൈയില്‍ വില കുറവാണ്. 1696 രൂപയാണ് മുംബൈയിലെ വില. ജൂണ്‍ മാസം മുതല്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഏഴുതവണയാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് ഇന്ത്യയില്‍ പാചകവാതക വില കുറയാന്‍ കാരണമായത്. 

എന്നാല്‍ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‍റെ വില കുറച്ചിട്ടില്ല. ഡൽഹിയിൽ സബ്സിഡിയില്ലാത്ത 14.2 കി.ഗ്രാം ഗാർഹിക സിലിണ്ടറിന് 1053 രൂപയാണ് നിരക്ക്.

Related News