ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു

  • 02/11/2022



ദില്ലി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ എണ്ണം ദില്ലിയിലെ വായുവിൽ അനുവദനീയമായതിന്റെ എട്ട് ഇരട്ടിയായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വായു ഗുണനിലവാര സൂചിക നൂറ് കടന്നാൽ മലിനീകരണ തോത് കൂടുതൽ ആണെന്ന് അർത്ഥം. 200 ന് മുകളിൽ മോശം, 300 ന് മുകളിലെത്തിയാൽ വളരെ മോശം, നാനൂറ് കടന്നാൽ ഗുരുതരമാണ് സാഹചര്യം. 

നഗരത്തില്‍ എട്ടിടങ്ങളില്‍ അഞ്ഞൂറിനോട് അടുക്കുകയാണ് സൂചിക.വിവേക് വിഹാറിൽ 457,രോഹിണിയിൽ 462,ബവാനയിലും, നരേലയിലും, അശോക് വിഹാറിലും 465, വസീർപൂരിൽ 467, ജഹാംകീർപൂരില്‍ 475 സോണിയ വിഹാറില്‍ 469 ഉം ആണ് വായു ഗുണനിലവാരത്തിൻറെ നിലവിലെ സ്ഥിതി. അതേസമയം രാജ്യ തലസ്ഥാനത്ത് കഴിയുന്നവർ വിഷപ്പുകയ്ക്കിടയിൽ ശ്വാസം മുട്ടുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴി പറയുകയാണ്.

മലിനീകരണം താരതമ്യേന കുറഞ്ഞ വർഷമെന്നായിരുന്നു തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. എന്നാൽ അയൽസംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുത്തനെ കൂടിയത് സ്ഥിതി പഴയപടിയാകാൻ കാരണമായി. പഞ്ചാബിൽ കാർഷിക അവശിഷ്ടം കത്തിക്കുന്നതിന്‍റെ നിരക്ക് 12 ശതമാനം ആയരുന്നെങ്കിൽ ഇത്തവണ 22 ശതമാനമായി. 

കാർഷിക അവശിഷ്ടം കത്തിക്കുന്നത് തടയാനായി ബജറ്റിൽ നീക്കി വച്ച 200 കോടി രൂപ കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് വ്യക്തം. നേരത്തെ പ‍ഞ്ചാബിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഭരണം ആം ആദ്മിയുടെ കൈയിലെത്തിയതോടെ മൗനത്തിലുമാണ്.

Related News