അവിഹിത ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് താക്കീത്; യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി, ഭാര്യയും ആണ്‍സുഹൃത്തും ഉള്‍പ്പെടെ പിടിയില്‍

  • 02/11/2022

ബെംഗളൂരു: ബെംഗളൂരുവില്‍ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭാര്യയും ആണ്‍സുഹൃത്തും സഹായികളും അറസ്റ്റില്‍. വിജയനഗര ജില്ലയിലെ ഹോസ്പേട്ട് സ്വദേശികളായ ചിത്ര (23), സുഹൃത്ത് യശ്വന്ത് ഗൗഡ (31), കാര്‍ത്തിക് (26), തയ്യപ്പ (25), അയ്യണ്ണ (30) എന്നിവരാണ് അറസ്റ്റിലായത്. ചിത്രയുടെ ഭര്‍ത്താവും രാമനഗര സ്വദേശിയുമായ കിരണ്‍ (28) ആണ് കൊല്ലപ്പെട്ടത്. 

രാമനഗരയിലെ പ്രദേശിക ജെ.ഡി.എസ്. നേതാവിന്റെ മകനാണ് കൊല്ലപ്പെട്ട കിരണ്‍.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യശ്വന്ത് ഗൗഡയും സംഘവും കിരണിനെ തട്ടിക്കൊണ്ടുപോയി. തെരുബീഥി റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെത്തിച്ച് കൈയും കാലും കെട്ടിയതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തി. പാതി കത്തിയ നിലയിലുള്ള മൃതദേഹം ഹാരോഹള്ളിക്ക് സമീപത്തെ വനമേഖലയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

നാലുവര്‍ഷം മുമ്പാണ് കിരണും ചിത്രയും വിവാഹിതരായത്. വിവാഹത്തിന് ശേഷം സ്വന്തം നാട്ടുകാരനായ യശ്വന്ത് ഗൗഡയുമായി ചിത്ര അടുത്തു. ഇത് അറിഞ്ഞ ഭര്‍ത്താവ് കിരണ്‍ പല തവണ താക്കീത് ചെയ്തിരുന്നു. കിരണ്‍ യശ്വന്ത്ഗൗഡയെ നേരിട്ട് വിളിച്ച് ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. 

Related News