മദ്യപാനിയായ മകന്‍റെ ശല്യം സഹിക്കാനായില്ല; കൊലപ്പെടുത്താൻ ക്വട്ടേഷൻ, മാതാപിതാക്കള്‍ അറസ്റ്റില്‍

  • 02/11/2022

ഹൈദരാബാദ്: ഹൈദരാബാദില്‍ മകന്‍റെ മദ്യപാനം സഹിക്കാന്‍ വയ്യാതെ മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ  സർക്കാർ സ്‌കൂൾ പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ. കോളേജ് വിദ്യാർഥിയായ സായ് റാം (26) ആണ് കൊല്ലപ്പെട്ടത്. കേസിൽ പിതാവ് റാം സിം​ഗ്, ഭാര്യ റാണി ബായ് എന്നിവരാണ് അറസ്റ്റിലായത്. മകന്റെ പീഡനം സഹിക്കനാകാതെയാണ് കൊലപ്പെടുത്താനായി ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പറഞ്ഞു. 

ശ്വാസംമുട്ടിച്ചാണ് കോളേജ് വിദ്യാർഥിയായ സായ് റാമിനെ സംഘം കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘത്തിലെ ഒരാൾ ഒളിവിലാണ്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു. മദ്യപാനിയായ മകന്‍റെ ശല്യം സഹിക്കാനാവാതെ വന്നതോടെ ദമ്പതികൾ റാണി ബായിയുടെ സഹോദരൻ സത്യനാരായണയുടെ സഹായം തേടിയിരുന്നു. എട്ട് ലക്ഷം രൂപയാണ് ക്വട്ടേഷൻ സംഘത്തിന് നൽകിയതെന്ന് പോലീസ് പറഞ്ഞു. മാരിപെഡ ബംഗ്ല ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പലാണ് രാം സിംഗ്. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. മദ്യപിക്കാൻ പണം നിരസിച്ചപ്പോൾ സായി റാം മാതാപിതാക്കളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു.  

ഒക്‌ടോബർ 18ന് സത്യനാരായണയും രവിയും സായിറാമിനെ കാറിൽ കയറ്റി ക്ഷേത്രത്തിൽ കൊണ്ടുപോയി മറ്റ് പ്രതികളെ കണ്ടു. പിന്നീട് എല്ലാവരും ഒരുമിച്ച് മദ്യപിച്ചു. മദ്യലഹരിയിലായ സായി റാമിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തി. മൃതദേഹം സുന്യാപഹാഡിലെ മൂസിയിൽ ഉപേക്ഷിച്ചെന്നും പോലീസ് പറഞ്ഞു. 

കുറ്റകൃത്യത്തിന് ഉപയോ​ഗിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. മകനെ കാണാതായത് ഇവർ പോലീസിൽ പരാതിപ്പെടാതിരുന്നതും സംശയത്തിനിടയാക്കി. ഒക്‌ടോബർ 25 ന് മകന്റെ മൃതദേഹം തിരിച്ചറിയാൻ മോർച്ചറിയിൽ എത്തിയതും കുറ്റകൃത്യത്തിന് ഉപയോ​ഗിച്ച കാറും ഒന്നാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ കുറ്റംസമ്മതിച്ചെന്നും പോലീസ് വ്യക്തമാക്കി. 

Related News