വ്യത്യസ്ത മതവിശ്വാസമുള്ളവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാട് ഭരണകൂടത്തിന് സ്വീകരിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

  • 03/11/2022

ന്യൂഡല്‍ഹി: വ്യത്യസ്ത മതവിശ്വാസമുള്ള രണ്ടു പേരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാട് ഭരണകൂടത്തിന് സ്വീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മിശ്ര വിവാഹം തടയാന്‍ സര്‍ക്കാരിനാവില്ലെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ അഭിപ്രായപ്പെട്ടു. വിദേശ പൗരത്വമുള്ള ഹിന്ദു യുവതിയും ക്രിസ്ത്യന്‍ യുവാവും നല്‍കിയ ഹര്‍ജിയിലാണ്, ഹൈക്കോടതി നിരീക്ഷണം. സ്‌പെഷല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹത്തിന് അനുമതി തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.


രണ്ടു പേര്‍ക്കും അവരവരുടെ മതം നിലനിര്‍ത്തിക്കൊണ്ടു വിവാഹിതരാവാന്‍ സെപ്ഷല്‍ മാരേജ് ആക്ടിലൂടെ മാത്രമേ സാധിക്കൂവെന്നും അതിനാലാണ് അത്തരത്തില്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മറ്റേതൊരു നിയമപ്രകാരവും വിവാഹം കഴിക്കാന്‍ ദമ്ബതികളില്‍ ഒരാള്‍ മതം മാറേണ്ടി വരും.

കനേഡിയന്‍ പൗരത്വമുള്ള യുവതിയും യുഎസ് പൗരനായ യുവാവും നല്‍കിയ വിവാഹ അപേക്ഷയില്‍ ഡല്‍ഹി സര്‍ക്കാര്‍ അനുകൂല നടപടി എടുത്തിരുന്നില്ല. ഇരുവരും വിദേശികള്‍ ആയതിനാല്‍ വെബ് സൈറ്റ് വഴി അപേക്ഷ നല്‍കാനായില്ല. നേരിട്ട് അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥനയില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തീരുമാനം എടുത്തതുമില്ല. തുടര്‍ന്നാണ് ദമ്ബതികള്‍ കോടതിയെ സമീപിച്ചത്.

Related News