പ്രണയത്തിന്‍റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും മർദ്ദിച്ച് കൊലപ്പെടുത്തി, പിന്നാലെ 19കാരി ആത്മഹത്യ ചെയ്തു

  • 03/11/2022

മീററ്റ് : പ്രണയത്തിന്‍റെ പേരിൽ തന്റെ പിതാവിന്റെയും ബന്ധുക്കളുടെയും മർദ്ദനമേറ്റ് കാമുകൻ മരിച്ചത് അറിഞ്ഞ് 19കാരി ആത്മഹത്യ ചെയ്തു. യുപിയിലെ സഹരൻപൂർ ജില്ലയിലെ റാംപൂർ മണിഹരൻ മേഖലയിലെ ഇസ്ലാംപൂരിലാണ് സംഭവം. സഹപാഠിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു 20കാരനായ ഇതര മതസ്ഥനെ പെൺകുട്ടിയുടെ ബന്ധുക്കൾ  മർദ്ദിച്ചത്. ഡെറാഡൂണിലെ ആശുപത്രിയിൽ വച്ചാണ് യുവാവ് മരിച്ചത്. ഇതിന് പിന്നാലെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.

ബിഎസ്‌സി വിദ്യാർത്ഥികളായിരുന്നു തന്നു സൈനി എന്ന പെൺകുട്ടിയും സിയ-ഉർ-റഹ്മാൻ എന്ന യുവാവും. ചൊവ്വാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ തന്റെ മകനെ അവരുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയെന്നും അവർ ക്രൂരമായി മർദ്ദിച്ച ശേഷം മകനെ വീടിന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും സിയയുടെ പിതാവ് അയൂബ് അഹമ്മദ് പറഞ്ഞു. 

ആരോ തങ്ങളെ അറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്ത് എത്തിയപ്പോൾ മകന്‍ നിലത്തു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇരു കുടുംബങ്ങളിൽ നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നാണ് സൂചന. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News