ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: ജനങ്ങൾക്ക് വ്യത്യസ്തമായ വാഗ്ദാനവുമായി എഎപി

  • 03/11/2022

ദില്ലി: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാരായ ജനങ്ങൾക്ക് വ്യത്യസ്തമായ വാഗ്ദാനവുമായി എഎപി. ഗുജറാത്തിൽ എഎപി എന്തായാലും വിജയിക്കുമെന്ന് അവകാശപ്പെട്ട കെജ്രിവാൾ, എഎപിക്ക് വോട്ട് ചെയ്യുന്നവരെ അയോധ്യയിലെ രാമ ക്ഷേത്രത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ  വോട്ടിംഗ് ഷെഡ്യൂൾ പ്രഖ്യാപിച്ച് മിനുട്ടുകൾക്കകം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് കെജ്രിവാൾ ഇങ്ങനെ പറഞ്ഞത്. 

ഞാൻ നിങ്ങളുടെ സഹോദരനാണ്. നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. എനിക്ക് ഒരു അവസരം നിങ്ങൾ തരൂ, സൌജന്യ വൈദ്യുതി നൽകാം. സ്‌കൂളുകളും ആശുപത്രികളും നിർമിക്കാം. നിങ്ങളെ അയോധ്യയിലേക്ക് കൊണ്ടുപോകാം. ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ഗുജറാത്തി ഭാഷയിലാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ. ഗുജറാത്തിൽ  മുഖ്യ പ്രതിപക്ഷം കോൺഗ്രസ് ആണെങ്കിലും 'ആപ്പാണ്' തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയോട് നേർക്കുനേർ നിൽക്കുന്നത്. ഗുജറാത്ത് ദില്ലി വികസന മാതൃകൾ തമ്മിലുള്ള താരതമ്യമായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആദ്യ ഘട്ടത്തിൽ ആയുധമാക്കിയതെങ്കിൽ പിന്നീട് ഹിന്ദുത്വ ലൈനിലേക്ക് മാറുന്നത് കണ്ടു. കറൻസിയിൽ ദൈവങ്ങളുടെ ചിത്രം വേണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തി. 

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ടം ഡിസംബർ അഞ്ചിനും നടക്കും. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളാണ് വിധിയെഴുതുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ അഞ്ചിന്  93 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്കെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ഒന്നിച്ച് ഡിസംബർ എട്ടിന് നടക്കും. 4.9 കോടി വോട്ടർമാരാണ് ഇക്കുറി വിധിയെഴുതുന്നത്. 51,782 പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്.

Related News