ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

  • 04/11/2022

ചെന്നൈ: തമിഴ്നാട് ചെങ്കൽപേട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചെങ്കൽപേട്ട് ജില്ലയിലെ കേളമ്പാക്കം ജയലക്ഷ്മി സ്ട്രീറ്റിലെ വീട്ടിലാണ് അപകടമുണ്ടായത്. സഹോദരങ്ങളായ ഗിരിജ, രാധ, രാജ്കുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

കഴിഞ്ഞ വർഷം ഗുഡുവാഞ്ചേരി ജയലക്ഷ്മി സ്ട്രീറ്റിലെ ഈ അപ്പാർട്ട്‌മെന്റിലാണ് ഗിരിജയുടെ ഭർത്താവ് വെങ്കിട്ടരാമൻ അസുഖത്തെ തുടർന്ന് മരിച്ചത്.  മരണശേഷം ഗിരിജ മകനോടൊപ്പം ദുബായിലേക്ക് പോയി. നവംബർ രണ്ടിന് വെങ്കിട്ടരാമന്റെ ഒന്നാം ചരമവാർഷികത്തിന്  ഗിരിജയും കുടുംബവും അവരുടെ വീട്ടിലേക്ക് തിരികെ വരികയായിരുന്നു.  ചടങ്ങുകൾ നടത്താൻ സഹോദരന്റെ കുടുംബവും സഹോദരിയും ഇവിടെ എത്തി. മരിച്ച രാജ്കുമാറും കുടുംബവും വിദേശത്തു നിന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

ഏറെ നാളായി അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പുലർച്ചെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. രക്ഷാ പ്രവർത്തനം തുടങ്ങുമ്പോഴേക്കും വിഷവാതകം വീട്ടിൽ നിറഞ്ഞ് മൂന്നുപേർ മരിച്ചു.  വാതിൽ തകർത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ രക്ഷിച്ചു. രാജ്കുമാറിന്‍റെ ഭാര്യ ഭാർഗവി, മകൾ ആരാധ്യ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം കൂടുതൽ അന്വേഷണത്തിന് ശേഷമേ  വ്യക്തമാകൂ. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  

Related News