ബലാത്സംഗ കേസില്‍ ഡി.എന്‍.എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ട: ഹൈക്കോടതി

  • 05/11/2022

കൊച്ചി: ബലാത്സംഗ കേസില്‍ ഡി.എന്‍.എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി. ആവശ്യം വന്നാല്‍, ഇരയുടേയും പ്രതിയുടേയും ഡി.എന്‍.എ പരിശോധന നടത്താന്‍ ക്രമിനല്‍ നടപടി ചട്ടത്തില്‍ സാധ്യമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി പതിനഞ്ചുകാരിയുടെ കുഞ്ഞിന്‍റെ പിതൃത്വം തെളിയിക്കാന്‍ രക്ത സാമ്ബിള്‍ ശേഖരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി അനു എന്ന ദാസ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ഉത്തരവ്.


1997ല്‍ സ്വന്തം വീട്ടിലടക്കം എത്തിച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ കോന്നി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹരജിക്കാരന്‍. പ്രതിയുടെ ഡി.എന്‍.എ പരിശോധനക്ക് രക്ത സാമ്ബിള്‍ ശേഖരിക്കാനും ലൈംഗീക ശേഷി പരിശോധന നടത്താനുമുള്ള പൊലിസിന്‍റെ ആവശ്യം വിചാരണ കോടതി അനുവദിച്ചിരുന്നു. ഇത്തരത്തില്‍ ഉത്തരവിടാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചത്.

സ്വന്തം കേസില്‍ പ്രതി തന്നെ തെളിവുകള്‍ നല്‍കണമെന്ന് പ്രതിയെ നിര്‍ബന്ധിക്കാനാവില്ല. അങ്ങിനെ തെളിവു നല്‍കുന്നതില്‍ നിന്ന് ഭരണഘടന സംരക്ഷണം നല്‍കുന്നതിനാല്‍ ഡി.എന്‍.എ പരിശോധനക്ക് രക്ത സാമ്ബിള്‍ നല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബലാത്സംഗ കേസുകളില്‍ ആവശ്യം വന്നാല്‍, ഇരയുടേയും പ്രതിയുടേയും ഡി.എന്‍.എ പരിശോധന നടത്താന്‍ 2005 ലെ ക്രമിനല്‍ നടപടി ചട്ടത്തിലെ ഭേദഗതിയിലൂടെ സാധ്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Related News