ഏഴ് മാസം കൊണ്ട് യുവതി മുലപ്പാൽ നൽകിയത് 1400 കുട്ടികൾക്ക്

  • 06/11/2022

ഏഴ് മാസം കൊണ്ട് 1400 കുട്ടികൾക്ക് മുലപ്പാൽ നൽകി യുവതി. 29 -കാരിയായ ടി സിന്ധു മോണിക്ക എന്ന യുവതിയാണ് മുലപ്പാല്‍ ദാനം ചെയ്തത്. കോയമ്പത്തൂരാണ് സിന്ധുവിന്റെ സ്ഥലം. എഞ്ചിനീയറിം​ഗ് ബിരുദധാരിയാണ് ഇവര്‍. 

18 മാസം പ്രായമുള്ള കുഞ്ഞാണ് സിന്ധുവിനുള്ളത്. 2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ ഏഴ് മാസത്തിനുള്ളിൽ 42,000mlമുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻഐസിയു വിലേക്ക് നൽകിയത്. ഭര്‍ത്താവാണ് എപ്പോഴും പിന്തുണ തന്നിരുന്നതെന്നാണ് സിന്ധു പറയുന്നത്.  സിന്ധുവിന്റെ ഭർത്താവ് മഹേശ്വരൻ കോയമ്പത്തൂരിലെ ഒരു എഞ്ചിനീയറിം​ഗ് കോളേജിൽ അസി. പ്രൊഫസറാണ്. അടുത്തിടെ സിന്ധു ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. 

മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒയിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറുമെന്ന് സിന്ധു വ്യക്തമാക്കി. അമ്മമാർ മരിച്ചതോ, അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ കുഞ്ഞുങ്ങൾക്കാണ് ഈ മുലപ്പാൽ നൽകുന്നതെന്ന് ശിശു ആരോ​ഗ്യ വിഭാ​ഗം നോഡൽ ഓഫീസർ ഡോ. എസ്. ശ്രീനിവാസൻ പറയുന്നു. 

Related News