പുതുതലമുറക്ക് വഴിവെളിച്ചമായി ഇസ്കോൺ 2022

  • 09/11/2022


വളർച്ചാഘട്ടങ്ങളിൽ നിർണായകമായ കൗമാരം വ്യക്തിത്വത്തിനും ജീവിതവീക്ഷണത്തിനും അടിത്തറ പാകുന്ന കാലമാണ്. സ്വന്തത്തിനും കുടുംബത്തിനും നാടിനും സമൂഹത്തിനും ഉപകരിക്കുന്ന ഉത്തമവ്യക്തികളായി ഇളംതലമുറയെ വാർത്തെടുക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തേണ്ടതും ഈ പ്രായത്തിലാണ്.

ആധുനികസമൂഹത്തെ ഗ്രസിച്ചിട്ടുള്ള ജീർണതകളും അനിശ്ചിതത്വങ്ങളും വിദ്യാർത്ഥിസമൂഹത്തിലും വലിയ ദുഃസ്വാധീനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ആധുനിക സാങ്കേതികസൗകര്യങ്ങളും അതിരുകളില്ലാത്ത സാമൂഹ്യമാധ്യമങ്ങളും ഇതിന് ആക്കം കൂട്ടുന്നു. കുവൈത്തിലെ സാമാന്യം സുരക്ഷിതമായ സാമൂഹികാന്തരീക്ഷം വിട്ട് നാട്ടിലെ കേമ്പസുകളിലേക്ക് ചേക്കേറുമ്പോൾ പ്രവാസി വിദ്യാർത്ഥികൾക്ക് നേരിടാനുള്ള സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാണ്. അതിസ്വാതന്ത്ര്യവാദങ്ങൾ, വർധിച്ചുവരുന്ന പ്രണയ-ലഹരി-ലൈംഗിക-കുറ്റകൃത്യങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ വ വ്യക്തിത്വപ്രതിസന്ധി വർധിപ്പിക്കുന്നവയാണ്. 

മതധാർമികമൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതവീക്ഷണവും വിജയോന്മുഖമായ ദിശാബോധവും പകർന്നുനൽകി, ഇഹപര നേട്ടങ്ങളിലേക്ക് വഴിനടക്കാൻ വിദ്യാർത്ഥിതലമുറക്ക് കരുത്തുപകരേണ്ടത് ഒരു സാമൂഹ്യബാധ്യതയായി കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ മനസ്സിലാക്കുന്നു.

പ്രസ്തുത ലക്ഷ്യനിർവഹണത്തിനായി
2012ലാണ് കുവൈത്ത് മതകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ഇസ്‌ലാമിക് സ്റ്റുഡൻസ് കോൺഫറൻസ് (ഇസ്കോൺ) എന്ന പേരിൽ വിദ്യാർത്ഥിസമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത്. 2019 വരെ 8 സമ്മേളനങ്ങൾ വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചു. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷവും സമ്മേളനം നടത്താൻ സാധിച്ചില്ല.

വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കും അനുബന്ധമായി രക്ഷിതാക്കൾക്കും വ്യത്യസ്ത പരിപാടികൾ ഇസ്കോണിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. 

കുവൈത്തിൽനിന്നും കേരളത്തിൽനിന്നുമുള്ള ഇസ്ലാമികപണ്ഡിതരും വിദ്യാഭ്യാസവിചക്ഷണരും വ്യക്തിത്വപരിശീലകരുമായ പ്രമുഖവ്യക്തികളുടെ പങ്കാളിത്തവും സാന്നിധ്യവും കഴിഞ്ഞ സമ്മേളനങ്ങൾക്ക് ഉൾക്കനം നൽകുന്നതായി.

ഒൻപതാമത് ഇസ്കോൺ 2022 നവംബർ 11,12 (വെള്ളി, ശനി) തീയതികളിൽ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. അറിവ് സമാധാനത്തിന്'
എന്ന പ്രമേയത്തിലാണ് ഇസ്കോൺ സമ്മേളനങ്ങൾ സംഘടിപ്പിച്ചുവരുന്നത്.

Related News