കോൺഗ്രസ് പുന:സംഘടന: 'സംസ്ഥാന ഘടകങ്ങൾ 5 വർഷത്തെ പ്രവർത്തന റിപ്പോർട്ട് നൽകണം' മല്ലികാർജ്ജുന ഖാർഗെ

  • 09/11/2022

ദില്ലി: കോൺഗ്രസ് പുന:സംഘടനക്കുള്ള നടപടികളുമായി എഐസിസി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.സംസ്ഥാന ഘടകങ്ങളോട് പ്രവർത്തന റിപ്പോർട്ട് തേടി.കഴിഞ്ഞ 5 വർഷത്തെ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത് .നേതാക്കളുടെ പ്രവർത്തനം കൃത്യമായി അവലോകനം ചെയ്യണം. സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോടാണ് റിപ്പോർട്ട് തേടിയത്.

കോൺഗ്രസ് പുനസംഘടനയിൽ സംഘടന ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകളിൽ ചർച്ചസജീവമായി. പദവിയിൽ  കെ  സി വേണുഗോപാൽ തുടർന്നേക്കില്ല. പുതിയ അധ്യക്ഷന് രാഷ്ട്രീയ ഉപദേഷ്ടാവായി ആരെത്തുമെന്നതും നിർണ്ണായകമാണ്.ഉദയ് പൂർ ചിന്തൻ ശിബിര തീരുമാനമനുസരിച്ച്  അടിമുടി അഴിച്ചു പണിക്കാണ് പാർട്ടി ഒരുങ്ങുന്നത്. മല്ലികാർജ്ജുൻ ഖർഗെക്ക്  കീഴിൽ സംഘടന ജനറൽ സെക്രട്ടറിയായി പുതിയ ആളെത്തും. വടക്കേന്ത്യയിൽ നിന്നുള്ള നേതാവിനെ  പരിഗണിക്കണമെന്ന വികാരം പാർട്ടിയിലുണ്ട്. മുകുൾ വാസ്‌നിക്, അജയ് മാക്കൻ തുടങ്ങി ചില പേരുകളാണ് ചർച്ചയിലുള്ളത്.പുതിയ പ്രവർത്തക സമിതിയിലുണ്ടാകുമെങ്കിലും  സംഘടന ജനറൽ സെക്രട്ടറിയായി വീണ്ടും  കെ സി വേണുഗോപാൽ എത്തിയേക്കില്ല.

സംഘടന ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചാണ് നിലവിൽ  സ്റ്റിയറിംഗ് കമ്മിറ്റിയിൽ കെ സി വേണുഗോപാൽ  തുടരുന്നത്. പഴയ പദവിയിൽ തിരിച്ചെത്തുന്നതിലെ താൽപര്യക്കുറവ് കെ സി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. സംഘടന വിഷയങ്ങളിൽ അധ്യക്ഷനെ സഹായിക്കാൻ രാഷ്ട്രീയ ഉപദേഷ്ടാവും എത്തും. ആരെ നിയോഗിക്കണമെന്നതിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നാണ് മല്ലികാർജ്ജുൻ ഖർഗെയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അവസാന വാക്ക് ഗാന്ധി കുടുംബത്തിൻറേത് തന്നെയായിരിക്കും. നിലവിലെ പ്രവർത്തക സമിതി വിപുലീകരിക്കില്ല. സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ശശി തരൂർ.

Related News