പത്ത് വര്‍ഷം മുന്‍പ് ലഭിച്ച ആധാര്‍ കാര്‍ഡുകള്‍ പുതുക്കണം; നിർദേശവുമായി കേന്ദ്രം

  • 10/11/2022

ന്യൂഡല്‍ഹി: പത്ത് വര്‍ഷം മുന്‍പ് ലഭിച്ച ആധാര്‍ കാര്‍ഡുകള്‍ പുതുക്കണമെന്ന് കേന്ദ്ര നിര്‍ദേശം. രജിസ്റ്റര്‍ ചെയ്ത് പത്തു വര്‍ഷം പൂര്‍ത്തിയായാല്‍ വിവരങ്ങള്‍ പുതുക്കാനാണ് നിര്‍ദേശം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രനിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല.

ആധാര്‍ എന്‍റോള്‍മെന്റ് ആന്‍ഡ് അപ്‌ഡേറ്റ് 10th അമന്‍ഡ്‌മെന്റ് എന്നാണ് കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശത്തെ വിശേഷിപ്പിക്കുന്നത്. പത്ത് വര്‍ഷം കൂടുമ്ബോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിനല്‍കണം. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍, ഫോണ്‍നമ്ബര്‍ എന്നിവയാണ് നല്‍കേണ്ടത്. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും ആ സമയത്തെ രേഖകള്‍ നല്‍കാമെന്നാണ് നിര്‍ദേശം. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കി നല്‍കാം. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു.

എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വ്യക്തികളുടെ തിരിച്ചറിയല്‍ മാര്‍ഗമായി ആധാര്‍ മാറിയിട്ടുണ്ട്. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.



Related News