ബിരിയാണിയെ ചൊല്ലി തര്‍ക്കം; ഭാര്യയെ തീകൊളുത്തി ഭർത്താവ്, ഭാര്യ കെട്ടിപ്പിടിച്ചു, ഇരുവര്‍ക്കും ദാരുണാന്ത്യം

  • 10/11/2022

ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ചു. ചെന്നൈ അയനവാരത്ത് ആണ് ബിരിയാണി തര്‍ക്കം ദമ്പതികളുടെ മരണത്തില്‍ കലാശിച്ചത്. 70കാരിയായ പത്മാവതിയാണ് മരിച്ചത്. ദേഹത്ത് തീ പടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവ് കരുണാകരനെ(74) കെട്ടിപ്പിടിക്കുകയും ഭര്‍ത്താവിലേക്കും തീ പടരുകയായിരുന്നു. തുടർന്നാണ് ഇരുവരും മരിച്ചത്. 

തിങ്കളാഴ്ച എട്ട് മണിയോടെയാണ് സംഭവം. കരുണാകരന്‍ റെസ്റ്റോറന്‍റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിച്ചു. ഇതാണ് പത്മാവതിയെ പ്രകോപിപ്പിച്ചത്. തനിക്കും കൂടി വാങ്ങാത്തതിനാല്‍ ബിരിയാണിയുടെ ഒരു പങ്ക് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കരുണാകരന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും കരുണാകരന്‍ പത്മാവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. 

ശരീരത്ത് തീ പടർന്നപ്പോൾ പത്മാവതി ഭർത്താവിനെ കെട്ടിപ്പിടിച്ചതോടെ കരുണാകരനും പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പത്മാവതിക്ക് 65 ശതമാനവും കരുണാകരന് 50 ശതമാനവും പൊള്ളലേറ്റിരുന്നു. പത്മാവതിയുടെ മരണമൊഴിയിൽ നിന്നാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പത്മാവതി ചൊവ്വാഴ്ചയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് കരുണാകരനും മരണത്തിന് കീഴടങ്ങി. വിരമിച്ച റെയിൽവേ ഉദ്യോ​ഗസ്ഥനാണ് കരുണാകരൻ. 
 

Related News