രാജീവ് ഗാന്ധി വധക്കേസ്: നളിനി ഉള്‍പ്പടെ 6 പേരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

  • 11/11/2022




ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 

എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി പറഞ്ഞു. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. 

എന്നാൽ കേസിന്‍റെ വാദത്തിനിടെ. കേന്ദ്രസർക്കാരിന്‍റെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. കേസിലെ ആറ് പ്രതികളില്‍ രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലിൽ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു.

മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Related News