ആർപ്പുവിളിച്ച് ജനം, പ്രോട്ടോകോൾ തെറ്റിച്ച് പുറത്തിറങ്ങി പ്രധാനമന്ത്രി

  • 11/11/2022

ബെംഗളൂരു: ബെംഗളൂരുവില്‍ തന്നെ കാണാന്‍ റോഡരികില്‍ തടിച്ചുകൂടിയ ജനത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡരികില്‍ കാത്തുനിന്ന അനുയായികളെ അഭിവാദ്യം ചെയ്യാന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കാറില്‍ നിന്ന് ഇറങ്ങി. കര്‍ണാടക നിയമസഭയായ വിധാന സൗധയ്ക്ക് സമീപമുള്ള ജങ്ഷനിലാണ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ പ്രധാനമന്ത്രി ആദ്യം കാര്‍ നിര്‍ത്തി ഇറങ്ങിയത്. 'മോദി, മോദി' എന്ന മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ആവേശഭരിതനായ മോദി, കാറില്‍ നിന്നിറങ്ങി ഇരുകൈകളും ഉയര്‍ത്തി വീശി അഭിവാദ്യം ചെയ്തു.


'വന്ദേ ഭാരത് എക്‌സ്‌പ്രസ്, ഭാരത് ഗൗരവ് കാശി ദര്‍ശന്‍' എന്നീ ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യാന്‍ ക്രാന്തിവീര സങ്കൊല്ലി രായണ്ണ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പിന്നീട്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-2 ഉദ്ഘാടനം ചെയ്യുന്നതിനായി കെഎസ്‌ആര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ജംഗ്ഷനിലും പ്രധാനമന്ത്രി കാര്‍ നിര്‍ത്തി പുറത്തേക്ക് ഇറങ്ങി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.

ബെംഗളൂരു കെമ്ബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍-2 പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. 5,000 കോടി രൂപ ചെലവിലാണ് പരിസ്ഥിതി സൗഹൃദ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 'ടെര്‍മിനല്‍ ഇന്‍ എ ഗാര്‍ഡന്‍' എന്നാണ് പുതിയ ടെര്‍മിനലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ടെര്‍മിനല്‍ പ്രതിവര്‍ഷം 2.5 കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കും. 

Related News