ഹിമാചൽ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വിജയ പ്രതീക്ഷയിൽ ബിജെപി

  • 11/11/2022

ദില്ലി: ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 68 മണ്ഡലങ്ങളിലേക്ക് രാവിലെ 8 മുതൽ വൈകീട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് നടക്കുക. 56 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 

എന്നാൽ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസ് കരുതുന്നു. ത്രികോണ പോരിന് കളമൊരുക്കിയ ആംആദ്മി പാർട്ടിക്ക് കിട്ടുന്ന വോട്ട് ഇത്തവണ മറ്റ് പാർട്ടികൾക്ക് നിർണായകമാകും. ഡിസംബർ 8 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ബിജെപിക്ക് ഭരണ തുടർച്ചയെന്നാണ് സർവേ ഫലങ്ങൾ പ്രവചിച്ചത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പബ്ലിക് പി മാർക്യു ഒപ്പീനിയൻ പോളിൽ 37 മുതൽ 45 വരെ സീറ്റ് നേടി ബിജെപി ഭരണം തുടരുമെന്നാണ് പ്രവചനം. 

കോൺഗ്രസ് 22 മുതൽ 28 വരെ സീറ്റിൽ ഒതുങ്ങുമെന്നും, ആപ്പിന് 1 സീറ്റ് ലഭിച്ചേക്കാമെന്നും ഒപ്പീനിയൻ പോളിൽ പറയുന്നു.   എബിപി സീ വോട്ടർ സർവേയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബിജെപി അധികാര തുടർച്ച നേടുമെന്നായിരുന്നു പ്രവചനം. ഹിമാചലിൽ ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി ജയ്‌റാം താക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവരാണ് പ്രചരണം നയിച്ചത്. മറുവശത്ത് കോൺഗ്രസിനാകട്ടെ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചരണം നയിച്ചത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിൻറെ ഭാര്യയായ പ്രതിഭ സിംഗാണ് സംസ്ഥാനത്തെ കോൺഗ്രസിൻറെ പ്രധാനമുഖം.

Related News