ഗുരുക്കന്മാർ ആത്മാവിനെ പ്രകാശിപ്പിക്കുന്നു : അഹ്‌മദ്‌ സഖാഫി കാവനൂർ

  • 12/11/2022

 



കുവൈറ്റ് സിറ്റി: മനുഷ്യാത്മാവുകളെ ഗ്രസിക്കുന്ന അന്ധകാരങ്ങൾ ഇല്ലായ്മ ചെയ്ത് വെളിച്ചം പകരുന്ന പ്രക്രിയയാണ് ആത്മീയ ഗുരുക്കന്മാർ ചെയ്യുന്നതെന്ന് കുവൈറ്റ് ഐ സി എഫ് ദഅവാ കാര്യ പ്രസിഡന്റ് അഹ്‌മദ്‌ സഖാഫി കാവനൂർ പറഞ്ഞു. ഐ സി എഫ് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച 'ഗുരുവോർമ്മകൾ' അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആധ്യാത്മിക ഗുരുക്കളിൽ മുൻ നിരക്കാരനായ ശെയ്ഖ് അബ്ദുൽ ഖാദിർ അജീലാനി, നാട്ടുകാരുടെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാനായി മുന്നിൽ നിന്നു പ്രവർത്തിച്ചു. അഴിമതി, അനീതി, അധികാര ദുർ വിനിയോഗം തുടങ്ങിയ സാമൂഹിക തിന്മകളോട് നിരന്തരമായി കലഹിച്ചു. കറതീർന്ന വ്യക്തിത്വത്തിലൂടെയും ഉജ്ജ്വലമായ പ്രഭാഷണങ്ങളിലൂടെയും അനേകായിരങ്ങളെ സത്യവഴിയിലൂടെ നടത്തുമ്പോഴും നിരന്തരമായി ആരാധനകളിൽ മുഴുകി. നിർബന്ധവും ഐഛികവുമായ എല്ലാ കർമ്മങ്ങളും മുറ തെറ്റാതെ അനുഷ്ഠിക്കുന്നവരാണ് ആധ്യാത്മിക ഗുരുക്കളെന്ന് ലോകത്തെ പഠിപ്പിച്ചു. അഹ്‌മദ്‌ സഖാഫി കൂട്ടിച്ചേർത്തു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് നേതൃത്വം നൽകി മൺ മറഞ്ഞു പോയ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി, നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കണ്ണിയത്ത് അഹ്‌മദ്‌ മുസ്‌ലിയാർ, ഇ കെ അബൂബക്കർ മുസ്‌ലിയാർ, വൈലത്തൂർ യൂസുഫ് കോയ തങ്ങൾ, നെല്ലിക്കുത്ത് ഇസ്മായീൽ മുസ്‌ലിയാർ, തുടങ്ങിയവരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണവും നടന്നു. 

മൗലീദ് പാരായണം, മുഹ്‌യിദ്ദീൻ മാല ആസ്വാദനം, മദ്ഹ് ഗാനാലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു.

അഹ്‌മദ്‌ കെ മാണിയൂരിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. അബു മുഹമ്മദ് സ്വാഗതവും സമീർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

Related News