ഖാർഗെക്കെതിരെ വോട്ട് ചെയ്തവർ ബിജെപിയിലേക്ക് വരുമെന്ന് അസം മുഖ്യമന്ത്രി; ചുട്ട മറുപടിയുമായി തരൂർ

  • 13/11/2022

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മ. കോൺഗ്രസിലെ ജനാധിപത്യവാദികൾ തരൂരിന് വോട്ട് ചെയ്തവരാണെന്നും അവർ ഉടനെ ബിജെപിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 

'കോൺഗ്രസിലെ ആഭ്യന്തര തെരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണുന്നതിന് മുമ്പേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ശശി തരൂരിന് വോട്ട് ചെയ്യാൻ ധൈര്യം കാണിച്ച 1000 പേരാണ് കോൺഗ്രസിലെ യഥാർത്ഥ ജനാധിപത്യവാദികൾ. അവർ ബിജെപിയിലേക്ക് ഉടനെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'. ഹിമന്ദ് ബിശ്വ ശർമ്മ പറഞ്ഞു. പിന്നാലെ, അദ്ദേഹത്തിന് മറുപടിയുമായി ശശി തരൂർ തന്നെ രംഗത്തെത്തി. പോരാടാൻ ധൈര്യമില്ലാത്തവർ മാത്രമേ ബിജെപിയിലേക്ക് പോകൂ എന്നായിരുന്നു തരൂരിന്റെ പ്രതികരണം. 'ധൈര്യമുള്ളവർ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. പോരാടാൻ ധൈര്യമില്ലാത്തവർ പോകാനുള്ള പ്രവണത കാണിച്ചേക്കാം'. തരൂർ പറഞ്ഞു. 

ഒക്ടോബർ 17ന് നടന്ന തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെക്ക് 7897 വോട്ടും തരൂരിന് 1072 വോട്ടുമാണ് ലഭിച്ചത്. 24 വർഷത്തിനു ശേഷമാണ് ഗാന്ധികുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെത്തിയത്.

Related News