ഭാരത് ജോടോ യാത്ര: രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കില്ല

  • 13/11/2022

ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ജോഡോ യാത്ര നടക്കുന്നതിനാലാണ് രാഹുല്‍ ഗാന്ധിക്ക് ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാനാകാത്തതെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ ജയ്റാം രമേശ് അറിയിച്ചത്.


രാഹുല്‍ ഗാന്ധി മാത്രമല്ല കെ സി വേണുഗോപാലും ദിഗ്‌വിജയ സിംഗും പാര്‍ലമെന്‍റിലെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ലെന്നും ജയ്റാം രമേശ് വ്യക്തമാക്കി. 3 എംപിമാരും കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള പദയാത്രയില്‍ തുടര്‍ച്ചയായി നടക്കുന്നുണ്ടെന്നും വരാനിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ കുറിച്ച്‌ ലോക്സഭ സ്പീക്കറെയും ചെയര്‍മാനെയും അറിയിക്കുമെന്നും രമേശ് അറിയിച്ചു. പാര്‍ലമെന്‍റ് ശീതകാല സമ്മേളനം ഡിസംബര്‍ ഏഴിന് ആരംഭിച്ച്‌ മാസാവസാനത്തോടെയാണ് അവസാനിക്കുക.

ഭാരത് ജോഡോ യാത്ര അത്രമേല്‍ പ്രധാനപ്പെട്ടതാണെന്നും, ഓരോ സംസ്ഥാനങ്ങളിലും ജനങ്ങളുടെ പ്രശ്നം കേട്ട് മുന്നോട്ട് പോകുകയാണെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ യാത്ര ഉപേക്ഷിക്കാനാകില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. 3,570 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന യാത്ര അതിന്‍റെ പകുതിയോളം പൂര്‍ത്തിയാക്കിയെന്നും വിവിധ സംസ്ഥാനങ്ങളിലായി 28 ജില്ലകള്‍ സഞ്ചരിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.

രാഹുലും ഭാരത് ജോഡോ യാത്ര സംഘവും ഇപ്പോള്‍ മഹാരാഷ്ട്രയിലാണ്. നവംബര്‍ 21 ഓടെ യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കും. മഹാരാഷ്ട്രയില്‍ യാത്ര വലിയ വിജയമാണെന്നും ജയ്റാം രമേശ് അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ ഭാരത് ജോഡോ യാത്രയില്‍ എന്‍ സി പി നേതാക്കളായ സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ശിവസേനയുടെ ആദിത്യ താക്കറെ എന്നിവര്‍ പങ്കെടുത്തതും അദ്ദേഹം ചൂണ്ടികാട്ടി. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം അചഞ്ചലമാണെന്ന രാഷ്ട്രീയ സന്ദേശമാണ് ഇത് ചൂണ്ടികാട്ടുന്നതെന്നും ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.

Related News