ജോഡോ യാത്രയുടെ ഇടവേളയിൽ ഗുജറാത്തിൽ പ്രചാരണത്തിന് രാഹുൽ ഗാന്ധി എത്തും

  • 13/11/2022

ദില്ലി: ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നവംബർ 22 ന് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും.  ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8 ന് വോട്ടെണ്ണൽ. ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ രാഹുൽ പ്രചാരണത്തിന് എത്താതിരുന്നത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഹിമാചലിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, പ്രമുഖ പാർട്ടി നേതാക്കളുടെ നിരവധി പ്രചാരണ റാലികൾ  ഗുജറാത്തിൽ കോൺഗ്രസ് നടത്തും. 

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആറാം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഈ ഏറ്റവും പുതിയ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്തെ 142 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചു. 43 സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി നവംബർ നാലിന് കോൺഗ്രസ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു. 46 പേരടങ്ങുന്ന രണ്ടാം പട്ടിക നവംബർ 10ന് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഏഴ് പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. 

അതേ സമയം ഗുജറാത്തിൽ കഴിഞ്ഞ തവണ നടത്തിയ പ്രകടനം ആവർത്തിക്കാൻ സാധിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ഗുജറാത്ത് കോൺഗ്രസ് നിരവധി എംഎൽഎമാരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി മാറിയത്. ഇതിൽ പലർക്കും ബിജെപി സീറ്റും നൽകി. അതിനൊപ്പം തന്നെ കോൺഗ്രസ് വോട്ടുകളിൽ ആംആദ്മി പാർട്ടി വിള്ളൽ വീഴ്ത്തും എന്ന പ്രവചനങ്ങളും കോൺഗ്രസിന് ഗുജറാത്തിൽ വെല്ലുവിളിയാകുന്നുണ്ട്.

Related News