ഋഷി സുനകിന്റെ ഇന്ത്യാ സന്ദർശനം ഉടനെന്ന് റിപ്പോർട്ട്; റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാക്കാൻ ശ്രമം

  • 13/11/2022

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഇന്ത്യാ സന്ദർശനം ഉടനെന്ന് റിപ്പോർട്ട്. നരേന്ദ്രമോദി- ഋഷി സുനക് കൂടിക്കാഴ്ചയിൽ സന്ദർശന കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് വിവരം. ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുക. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഋഷി സുനകിനെ മുഖ്യാതിഥിയാക്കാനാണ് ഇന്ത്യയുടെ ശ്രമം. 

നാളെയും മറ്റന്നാളുമായാണ് ബാലിയിൽ 17-ാമത് ജി-20 ഉച്ചകോടി നടക്കുന്നത്. ഋഷി സുനകിന് പുറമേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായും മോദി ചർച്ചകൾ നടത്തും. ഭക്ഷ്യ, ഊർജ സുരക്ഷയെക്കുറിച്ചുള്ള വർക്കിംഗ് സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഇന്ത്യയുടെ ഫോറിൻ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചിട്ടുണ്ട്.

ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് ആ സ്ഥാനത്തേക്ക് ഋഷി സുനകെത്തുന്നത്. 193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ഋഷി സുനകിന് പ്രധാനമന്ത്രിയാകാൻ വഴി തെളിയുകയായിരുന്നു.

Related News