ലിവിംഗ് പാര്‍ട്ണറെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ചു, പിന്നീട് കാട്ടില്‍ തള്ളി; യുവാവ് അറസ്റ്റില്‍

  • 14/11/2022

ന്യൂഡല്‍ഹി: ലിവിംഗ് പങ്കാളിയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. ദില്ലിയിലാണ് സംഭവം. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്രദ്ധയ്ക്കൊപ്പം ജീവിച്ചിരുന്ന അഫ്താബ് അമീൻ പൂനവാല എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. 

ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം  35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു.  തുടര്‍ന്ന് അടുത്ത 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണിക്കാണ് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ മെഹ്‌റൗളി വനത്തില്‍ തള്ളിയത് എന്നാണ് പോലീസ് പറയുന്നത്. 

ഇരുപത്താറുകാരിയായ ശ്രദ്ധ മുംബൈയിൽ ഒരു മൾട്ടിനാഷനൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് അഫ്താബുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇവർ പ്രണയത്തിലായി. ഒരുമിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചെങ്കിലും ശ്രദ്ധയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും മുംബൈയിൽ നിന്ന് ഡൽഹിയിലെത്തി മെഹ്റൗലിയിലെ ഫ്ലാറ്റിൽ താമസമാക്കുകയായിരുന്നു. 
 
ശ്രദ്ധ ഇടയ്ക്ക് വീട്ടുകാരുടെ ഫോണിന് പ്രതികരിക്കാറുണ്ട്. തുടര്‍ച്ചയായി മകളെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നവംബർ എട്ടിന് മകളെ കാണാന്‍ ശ്രദ്ധയുടെ പിതാവ് വികാസ് മദൻ ഡല്‍ഹിയില്‍ എത്തി. ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയപ്പോൾ അത് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹം മെഹ്‌റൗളി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.

പരാതിയില്‍ പോലീസ് പൂനവല്ലയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ കാര്യം പുറംലോകം അറിയുന്നത്. ശ്രദ്ധ തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടെന്നും ഇതിന്‍റെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.   

Related News