നാല് വര്‍ഷം മുമ്പ് കാണാതായ യുവാവിന‍റെ അസ്ഥികൂടം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു; ഭാര്യയും കാമുകനും പിടിയില്‍

  • 14/11/2022

ഗാസിയാബാദ്: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യയും കാമുകനും പിടിയില്‍. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നാല് വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിന്റെ അസ്ഥികൂടം കാമുകന്റെ വീട്ടില്‍ നിന്ന് കുഴിച്ചെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ചന്ദ്രവീര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.  2018-ല്‍ നടന്ന കൊലപാതകം നാലുകൊല്ലത്തിനു ശേഷമാണ് പുറത്തറിയുന്നത്. ചന്ദ്രവീറിന്‍റെ ഭാര്യ സവിത, ഇവരുടെ അയല്‍ക്കാരനും കാമുകനുമായ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രവീറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടത് അരുണിന്റെ വീടിനുള്ളിലായിരുന്നു.

2017 മുതല്‍ തനിക്ക് സവിതയുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ അരുണ്‍ പോലീസിനോട് സമ്മതിച്ചു. സവിതയുടെ ഭര്‍ത്താവ് ചന്ദ്രവീര്‍ ഇരുവരെയും പല തവണ പിടികൂടിയിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് ചന്ദ്രവീറിന്റെയും സവിതയുടെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവിഹിത ബന്ധത്തിന്റെ പേരില്‍ സവിതയെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതായും അരുണ്‍ പോലീസിനോട് പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ ചന്ദ്രവീറിനെ കാണാനില്ലെന്ന് സവിത പോലീസില്‍ പരാതി നല്‍കിയിരുന്നു. ചന്ദ്രവീറിന്റെ ഇളയസഹോദരനുമേല്‍ കുറ്റം ചുമത്താനായിരുന്നു സവിതയുടെ ശ്രമം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ചന്ദ്രവീറിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

സവിതയും അരുണും ചേര്‍ന്ന് ചന്ദ്രവീറിനെ വെടിവെച്ചും വെട്ടിപ്പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അരുണിന്റെ വീടിന്റെ തറയില്‍ ഏഴടിയോളം താഴ്ചയില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. കുഴിക്കു മുകളില്‍ സിമന്റിട്ട് മൂടിയ ശേഷം ഈ വീട്ടില്‍തന്നെ അരുണ്‍ താമസം തുടരുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് തന്നെ കുഴി ഇരുവരും തയ്യാറാക്കിവെച്ചിരുന്നതായി പോലീസ് അറിയിച്ചു. 



 

Related News