രാഷ്ട്രപതിക്കെതിരായ മന്ത്രിയുടെ അധിക്ഷേപ പ്രസംഗം; മാപ്പ് പറഞ്ഞ് മമത ബാനർജി

  • 14/11/2022

രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മന്ത്രി അഖിൽ ഗിരിയുടെ പരാമർശങ്ങൾ അപലപിക്കുന്നു. പാർട്ടിക്ക് വേണ്ടി താൻ ക്ഷമചോദിക്കുന്നതായും രാഷട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നും മമത ബാനർജി പറഞ്ഞു. ദ്രൗപദി മുർമുവിനെതിരായ അഖിൽ ഗിരിയുടെ അധിക്ഷേപ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. തിങ്കളാഴ്ചയാണ് മമത ക്ഷമാപണം നടത്തിയത്.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും ബിജെപിയേയും അധിക്ഷേപിക്കുന്ന അഖിൽ ഗിരിയുടെ പരാമർശം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താൻ സുന്ദരനല്ലെന്നാണ് ബിജെപി പറയുന്നത്. ആരെയും രൂപം നോക്കി വിലയിരുത്താറില്ല. ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസിനെ ബഹുമാനമുണ്ട്. എന്നാൽ എന്താണ് നമ്മുടെ രാഷ്ട്രപതിയുടെ രൂപം എന്നാണ് അഖിൽ ഗിരി നന്ദിഗ്രാമിൽ വെള്ളിയാഴ്ച പ്രസംഗിച്ചത്. അധിക്ഷേപ പരാമർശം വൈറലായതിന് പിന്നാലെ മന്ത്രിയെ പുറത്താക്കണമെന്നുള്ള ആവശ്യം ശക്തമായിരുന്നു.

മന്ത്രിക്ക് താക്കീത് നൽകിയതായി മമത വിശദമാക്കി. രാഷ്ട്രപതിയെ ഞങ്ങൾ ബഹുമാനിക്കുന്നു. ബഹുമാനം അർഹിക്കുന്ന വനിതയാണ് അവർ. അഖിൽ ഗിരി അത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നു.  പാർട്ടി അഖിൽ ഗിരിക്ക് താക്കീത് നൽകിയിട്ടുണ്ട്. പാർട്ടി അഖിലിൻറെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ല. ഈ വിഷയത്തിൽ ഇനി പ്രതികരിക്കരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനീതിയാണ് അഖിൽ ചെയ്തത് എന്നാണ് മമത ബാനർജി തിങ്കളാഴ്ച വിശദമാക്കിയത്.

Related News