ലിവിങ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് മറ്റൊരു കാമുകിയെ വീട്ടില്‍ കൊണ്ടുവന്നതായി വെളിപ്പെടുത്തല്‍

  • 15/11/2022

ന്യൂഡല്‍ഹി: കാമുകിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളായി മുറിച്ച് പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ അറസ്റ്റിലായ മുംബൈ സ്വദേശി അഫ്താബ് അമീൻ പൂനവാല കൊലപാതകത്തിന് ദിവസങ്ങൾക്കു ശേഷം കാമുകിയായ മറ്റൊരു യുവതിയെ താമസ സ്ഥലത്തേയ്ക്കു കൊണ്ടുവന്നിരുന്നതായി പോലീസ് പറഞ്ഞു. 

കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറിന്റെ ശരീര ഭാഗങ്ങള്‍ റഫ്രിജറേറ്ററിൽ ഇരിക്കുമ്പോഴാണ് ഇതേ സ്ഥലത്തേയ്ക്ക് അഫ്താബ് മറ്റൊരു പെൺകുട്ടിയെ കൊണ്ടുവന്നത്. പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റി. 

ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴിയാണ് ഇയാള്‍ പെണ്‍സുഹൃത്തുക്കളെ കണ്ടെത്തിയതെന്നാണ് വിവരം. ശ്രദ്ധയെ കൊലപ്പെടുത്തിയതിന് 15-20 ദിവസങ്ങൾക്ക് ശേഷം അഫ്താബ് ഡേറ്റിംഗ് ആപ്പില്‍ മറ്റൊരു സ്ത്രീയെ കാണുകയും അവളുമായി ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നത്. 
 
കഴിഞ്ഞ ഏപ്രിലിലാണ് അഫ്താബ് പൂനാവാലയും ശ്രദ്ധയും ഡല്‍ഹിയിലേക്ക് താമസം മാറിയത്. ഇരുവരും തമ്മില്‍ വഴക്ക് രൂക്ഷമായതിനെ തുടർന്ന് മെയ് 18ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിക്കണം എന്ന് ശ്രദ്ധ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫ്താബ് മൊഴി നല്‍കിയത്. 

Related News