ജി-20 അധ്യക്ഷസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എറ്റെടുക്കും

  • 15/11/2022

ജി-20 അധ്യക്ഷസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എറ്റെടുക്കും. ഇന്ത്യോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയിൽ നിന്നാണ് ഇന്ത്യ അധ്യക്ഷ സ്ഥാനം എറ്റെടുക്കുക. ഇന്ന് ജി.20 അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് കൈമാറുമെങ്കിലും 2022 ഡിസംബർ 1 മുതൽ ആണ് അധ്യക്ഷനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലാവധി ആരംഭിക്കുന്നത്. വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളിൽ നിന്ന് ലഭ്യമായ വിവരം അനുസരിച്ച് റഷ്യ-ഉക്രൈൻ സംഘർഷം അവസാനിപ്പിയ്ക്കാൻ അധ്യക്ഷ സ്ഥാനം എറ്റെടുക്കുന്ന നരേന്ദ്രമോദി ജി.20 അധ്യക്ഷൻ എന്ന നിലയിൽ ഇടപെടും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ജി.20 ഉച്ചകോടിയ്ക്ക് എത്തിയിരുന്നില്ല.

അതേസമയം ജി.20 വേദിയിൽ സമാധാനത്തിനായുള്ള സന്ദേശം പങ്കുവച്ച ഇന്ത്യ യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന നിലപാട് ലോക രാജ്യങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു. സന്ദേശത്തിൽ യുക്രൈനിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. നയതന്ത്രത്തിന്റെ പാതയിൽ സമാധാനം കണ്ടെത്താനുള്ള നീക്കങ്ങളെ വിജയിപ്പിക്കാനാകും എന്നും പ്രധാനമന്ത്രി ജി-20 ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യോനേഷ്യയിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നൂറ്റാണ്ട് ഇന്ത്യയുടെതാണെന്ന് അവകാശപ്പെട്ടു.

ബ്രിട്ടൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനകുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ വിഷയങ്ങളിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ രണ്ട് പ്രധാനമന്ത്രിമാരും തിരുമാനിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും തിരുമാനിച്ചു.

Related News