വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്ക്; യുവതിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം

  • 16/11/2022

ന്യൂദല്‍ഹി- ന്യൂഡല്‍ഹിയില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവതിക്ക് രണ്ടു ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് ഉത്തരവിട്ടത്. നഷ്ടപരിഹാര തുക നായയുടെ ഉടമയില്‍ നിന്ന് ഈടാക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് അധികാരമുണ്ടെന്നും ഫോറം അറിയിച്ചു.

ഓഗസ്റ്റ് 11നാണ് സംഭവം. വീട്ടുജോലിക്കാരിയായ സ്ത്രീ ജോലിക്കു പോകുമ്പോള്‍ വിനിത് ചികര എന്നയാളുടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ യുവതിയുടെ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ഇവരെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നായയെ കസ്റ്റഡിയിലെടുക്കണമെന്നും നായയെ വളര്‍ത്താനുള്ള ഉടമയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഫോറം മുന്‍സിപ്പല്‍ കോര്‍പറഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11 വിദേശ ഇനത്തില്‍പെട്ട നായകളെ നിരോധിക്കാനും തെരുവുനായകളെ ഷെല്‍റ്ററിലേക്ക് മാറ്റാനും ഫോറം ഉത്തരവിട്ടു. മൂന്ന് മാസത്തിനകം വളര്‍ത്തുനായ്ക്കള്‍ക്കായി നയം രൂപീകരിക്കാനും ഫോറം മുന്‍സിപ്പല്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി.

Related News