പ്രധാന തെളിവായി വാട്ടര്‍ ബില്‍, പോലീസിന്‍റെ സംശയം വഴിതെളിച്ചത് രാജ്യത്തെ നടുക്കിയ കൊലപാതകത്തിലേക്ക്

  • 17/11/2022

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലിവിങ് പങ്കാളിയായ യുവതിയെ യുവാവ് കൊലപ്പെടുത്തി കഷണങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ച വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം അറിഞ്ഞത്. ഈ ക്രൂരമായ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. 

ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പ്രതിയായ അഫ്താബ് അമീന്‍ പൂനെവാലയെ കുടുക്കാന്‍ പോലീസിന് തുമ്പായത് വാട്ടര്‍ ബില്ലും. ശ്രദ്ധ ഫ്‌ളാറ്റ് വിട്ട് പോയെന്നും നിലവില്‍ താന്‍ ഒറ്റയ്ക്കാണ് താമസമെന്നുമാണ് കേസിലെ പ്രതി അഫ്താബ് അമീന്‍ പൂനെവാല ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് താമസിച്ചിട്ടും അഫ്താബിന് 300 രൂപയുടെ വാട്ടര്‍ ബില്‍ ലഭിച്ചതാണ് പോലീസിന്റെ സംശയത്തിന് കാരണമായത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 

ഡല്‍ഹിയില്‍ മാസം 20000 ലിറ്റർ വരെ  ഉപയോഗിക്കുന്നവർക്ക് വെള്ളം സൗജന്യമാണ്. ഒരാള്‍ തനിച്ച് താമസിക്കുമ്പോള്‍ ഇത്രയും വെള്ളത്തിൽ കൂടുതൽ ആവശ്യം വരില്ല. അവിടെ താമസിക്കുന്ന ചെറു കുടുംബങ്ങള്‍ക്ക് പലര്‍ക്കും വെള്ളത്തിന് ബിൽ അടയ്ക്കേണ്ടി വരാറില്ല. അഫ്താബിന്റെ ഒഴികെയുള്ള എല്ലാ നിലകളുടെയും വാട്ടർ ബിൽ പൂജ്യം ആണെന്ന് അയൽ ഫ്ലാറ്റുകളിലുള്ളവർ പോലീസിനെ അറിയിച്ചിരുന്നു.

കൊലയ്ക്ക് ശേഷം ശരീരഭാഗങ്ങൾ മുറിച്ചത് വൃത്തിയാക്കാനും  രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് കഴുകാനുമടക്കം  അഫ്താബ് കൂടുതൽ വെള്ളം ഉപയോഗിച്ചതും ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ പൈപ്പ് തുറന്നതും ആകാം ബില്ലിന് കാരണമെന്ന് പോലീസ് കരുതുന്നു. അതേസമയം ഛത്ത‍ർപൂരിലെ വനപ്രദേശത്ത് നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ ശ്രദ്ധയുടെതാണെോയെന്ന് ഉറപ്പിക്കാൻ അന്വേഷണസംഘം ഡിഎൻഎ പരിശോധന നടത്തും. 



Related News