ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റർ പ്രദർശനം: എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി പാടില്ലെന്ന് ഗവര്‍ണര്‍

  • 18/11/2022

ദില്ലി: തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിലെ കവാടത്തില്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്ന തരത്തില്‍ എസ് എഫ് ഐ സ്ഥാപിച്ചിരുന്ന ബാനര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ രാജ്ഭവന്‍റെ ഇടപെടല്‍ കൂടി ഉണ്ടായതോടെ ഏവരുടെയും ശ്രദ്ധ ബാനര്‍ വിഷയത്തിലേക്കും തിരിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എസ് എഫ് ഐ ബാനറിന്‍റെ കാര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.


അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ബാനറെങ്കിലും ഇതിന്‍റെ പേരില്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അവര്‍ കുട്ടികളല്ലേയെന്നും 'പഠിച്ചതല്ലേ പാടൂ' എന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

അതേസമയം നേരത്തെ ബാനര്‍ വിഷയത്തില്‍ സംസ്കൃത കോളേജിലെ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടാന്‍ രാജ് ഭവന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സര്‍വകലാശാല രജിസ്ട്രാര്‍ക്കുമാണ് രാജ് ഭവന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇന്ന് ഗവര്‍ണര്‍ തന്നെ വിഷയത്തിലെ തന്‍റെ അഭിപ്രായം പരസ്യമാക്കിയത്.

അതുകൊണ്ടുതന്നെ ബാനര്‍ വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ല. കഴിഞ്ഞ ദിവസമാണ് എസ് എഫ് ഐയുടെ പേരില്‍ സംസ്കൃത കോളേജിലെ പ്രധാന കവാടത്തിന് മുന്നില്‍ വിവാദ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന കവാടത്തില്‍ ഉയര്‍ത്തിക്കെട്ടിയ ബാനറില്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളാണ് ഉണ്ടായിരുന്നത്. രാജ് ഭവന്‍ സംഭവത്തില്‍ ഇടപെട്ടതിന് പിന്നാലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജ് കവാടത്തിലെ ബാനര്‍ നീക്കിയിരുന്നു.

Related News