മലയാളി ന്യായാധിപനെ സ്ഥലം മാറ്റി; ഗുജറാത്ത് ഹൈക്കോടതിയിൽ ഇന്നും പ്രതിഷേധം

  • 18/11/2022

അഹമ്മാദാബാദ്: മലയാളി ന്യായാധിപന്‍ ജസ്റ്റിസ് നിഖില്‍ കരിയേലിനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്നും പ്രതിഷേധം തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകര്‍. അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ ഗുജറാത്ത് ഹൈക്കോടതിയിലെ കോടതി മുറികളെല്ലാം ഇന്ന് വിജനമായി.പ്രതിസന്ധി തുടരവേ അഭിഭാഷക പ്രതിനിധികളുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നാളെ രാവിലെ കൂടിക്കാഴ്ച നടത്തും


ഇന്നലെ തുടങ്ങിയ അസാധാരണ പ്രതിഷേധത്തിന്‍റെ തുടര്‍ച്ച ഇന്നും. രാവിലെ കോടതി മുറികളിലൊന്നും അഭിഭാഷകരെത്തിയില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ വളപ്പില്‍ അഭിഭാഷകര്‍ മൗനജാഥ നടത്തി. ദില്ലിയിലേക്ക് തിരിക്കുന്ന അഭിഭാഷക സമര പ്രതിനിധികള്‍ക്ക് നാളെ രാവിലെ ചീഫ് ജസ്റ്റിസിനെ കാണാനാവുമെന്നാണ് അറിയിപ്പ് കിട്ടിയത്. ജസ്റ്റിസ് നിഖില്‍ കരിയേലിനെയും തെലങ്കാന ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിഷേക് റെഡ്ഡിയെയും പാറ്റ്നാ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചത്.

ഇന്നലെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ തടിച്ച്‌ കൂടിയ 100 കണക്കിന് അഭിഭാഷകര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് പോലും ആലോചിക്കാതെയുള്ള ഈ സ്ഥലം മാറ്റം ജൂഡീഷ്യറിയുടെ കൊലപാതകമാണെന്ന് അഭിഭാഷകര്‍ ആരോപിച്ചു. തുടര്‍ന്ന് കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ചീഫ് ജസ്റ്റിസ് നിര്‍ത്തിവച്ചു. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ അനിശ്ചിതമായി പണിമുടക്കാനും പിന്നാലെ തീരുമാനിക്കുകയായിരുന്നു. 

Related News