സംഭാഷണം സൗഹാര്‍ദ്ദപരം; നിയുക്ത ഗവർണറുമായി സംസാരിച്ച് മമത ബാനർജി

  • 18/11/2022

കൊല്‍ക്കത്ത: നിയുക്ത പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫോണില്‍ സംസാരിച്ചു. സംഭാഷണം സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് ആനന്ദബോസ് അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതിനിധി സംഘം ദില്ലിയില്‍ ആനന്ദബോസിനെ സന്ദര്‍ശിച്ചു.


മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സിവി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി നിയമിച്ചത്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സിവി ആനന്ദ ബോസിനെ ഗവര്‍ണറായി നിയമിച്ചത്. മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍ ഗണേശനാണ് നിലവില്‍ ബംഗാള്‍ ഗവര്‍ണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവന്‍ സമയ ഗവര്‍ണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് സി വി ആനന്ദ ബോസ് പറഞ്ഞു. ഭരണഘടന അനുസരിച്ച്‌ ഭരണപക്ഷവും പ്രതി പക്ഷവുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ആനന്ദ ബോസ് പ്രതികരിച്ചിരുന്നു. സിവില്‍ സര്‍വീസിലെ പ്രവര്‍ത്തനം കരുത്താകും. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News