ശ്രദ്ധ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ പുറത്ത്; മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു

  • 19/11/2022

ഡല്‍ഹി: രാജ്യത്തെ നടുക്കിടെ ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെടുത്തു. മൃതദേഹം 35 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം പ്രതി അഫ്താബ് അമീന്‍ പൂനെവാലയുടെ മെഹ്റോളിയിലെ ഫ്ലാറ്റിൽ നിന്നാണ് കണ്ടെടുത്തത്. ഫ്ലാറ്റിൽ നിന്ന് കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

മെഹ്‌റൗളിയിലെ വനമേഖലയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധയെ അഫ്താബ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധത്തില്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് ശ്രദ്ധയുടെ പുറത്തുവന്ന വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത്. സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ശ്രദ്ധയുടെ കൊലപാതകം അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന് ലഭിച്ചിട്ടുണ്ട്.

അഫ്താബുമായുള്ള ശ്രദ്ധയുടെ ബന്ധം അംഗീകരിക്കാത്തതിനാൽ 2021 മെയ് മുതൽ ശ്രദ്ധയോട് സംസാരിക്കാറില്ലെന്നാണ് ശ്രദ്ധയുടെ പിതാവ് പറയുന്നത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ശ്രദ്ധയുടെ കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 

കോൾ സെന്‍റര്‍ ജീവനക്കാരായ ശ്രദ്ധയും അഫ്താബും മെയ് മാസത്തിൽ ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു. നാല് ദിവസത്തിന് ശേഷം തർക്കത്തെത്തുടർന്ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് 18 ദിവസത്തോളം എടുത്ത് വിവിധയിടങ്ങളില്‍ തള്ളുകയായിരുന്നു.
 

Related News