പോരാട്ടച്ചൂടിൽ ഗുജറാത്ത്; ബിജെപിക്കായി മോദി ഇന്ന് നാല് റാലികളിൽ പങ്കെടുക്കും, രാഹുൽ ഗാന്ധിയുടെ റാലി മറ്റന്നാൾ

  • 19/11/2022

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്കായി ഇന്ന് സൗരാഷ്ട്ര മേഖലയിൽ റാലികൾ നടത്തും. രാവിലെ സോംനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന് ശേഷം നാലിടങ്ങളിൽ പ്രധാനമന്ത്രി റാലിയിൽ പങ്കെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ട മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രചാരണമെന്ന് ശ്രദ്ധേയമാണ്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് തുടരുന്ന മോദി എട്ടിടങ്ങളിൽ കൂടി റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന ഘടകം അറിയിച്ചു. അതേസമയം, മറ്റന്നാൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലേക്ക് എത്തും. നവസാരിയിലാണ് രാഹുൽ ഗാന്ധിയുടെ റാലി. 

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി ഇന്നലെ ഗുജറാത്തിൽ വമ്പൻ റോഡ് ഷോ  നടത്തിയിരുന്നു. വൽസാഡ് ജില്ലയിലാണ് ആയിരങ്ങളെ അണിനിരത്തി വമ്പൻ റോഡ് ഷോ നടത്തിയത്. ബിജെപിയും ഗുജറാത്തും തമ്മിൽ അഭേദ്യ ബന്ധമെന്ന് മോദി വൽസാഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ബിജെപിയുടെ ഭരണകാലത്ത് വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് ഒരു ജിബി ഇന്റർനെറ്റിന് 300 രൂപ നൽകേണ്ടിയിരുന്നു. മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ അത് പത്ത് രൂപയിലേക്ക് കുറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത മൂന്ന് ദിവസവും ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കും. 

അടുത്ത ഒന്ന് അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിൽ  നിലവിലെ ഭരണകക്ഷിയായ ബിജെപി ഏഴാം തവണയും സംസ്ഥാന ഭരണം നിലനിർത്തും എന്നാണ് അഭിപ്രായ സർവേ നിരീക്ഷിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ട് വിഹിതത്തോടൊണ് ബിജെപി വീണ്ടും ഭരണം പിടിക്കുക എന്നാണ് അഭിപ്രായ സർവേ പറയുന്നത്.

Related News