ഐ സി എഫ് ഖൈത്താൻ മദ്രസ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു

  • 20/11/2022


കുവൈറ്റ് സിറ്റി: ഐ സി എഫ് നടത്തുന്ന ഖൈത്താൻ ഇസ്‌ലാമിക് മദ്രസ്സയുടെ മീലാദ് ഫെസ്റ്റ് 2022 വർണാഭമായ പരിപാടികളോടെ സമാപിച്ചു.
ഖുർആൻ പാരായണം, പ്രസംഗം, ഗാനാലാപനം, ബുർദ, കളറിംഗ്, ദഫ് മുട്ട്‌, തുടങ്ങിയ ഇനങ്ങളിലായി നൂറുക്കണക്കിന് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ കാണികളുടെ മനം കവരുന്നതായിരുന്നു.
കഴിഞ്ഞ വർഷങ്ങളിലെ മദ്രസ്സാ വാർഷികപ്പരീക്ഷകളിലും വിവിധ എക്‌സലൻസി കോമ്പറ്റീഷനുകളിലും ഉന്നത വിജയങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. കലാപരിപാടികളിൽ സംബംന്ധിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഐ സി എഫ് ദഅവാ സെക്രട്ടറി അബു മുഹമ്മദിന്റെ അധ്യക്ഷതയിൽ ഐ സി എഫ് ഇന്റർനാഷണൽ ദഅവാ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. ഖൈത്താൻ മദ്രസ്സാ പ്രിനിസിപ്പാൾ അഹ്‌മദ്‌ സഖാഫി കാവനൂർ മുഖ്യ പ്രഭാഷണം നടത്തി. കലയും സംസ്കാരവും ഉന്നതവ്യക്തിത്വങ്ങളെ സൃഷ്ടിക്കാനാവണമെന്നും മതപാഠ ശാലകൾ മനുഷ്യനിൽ സൃഷ്ടിക്കുന്നത് ഉത്തമ പൗരബോധവും മാനവികതയുമാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്ല വടകര, മുഹമ്മദലി സഖാഫി, റഫീക്ക്‌ കൊച്ചനൂർ, റഫീഖ് അഹ്‌സനി, ബാദ്ഷ മുട്ടന്നൂർ, സലീം മാസ്റ്റർ കൊച്ചനൂർ, ജാഫർ ചപ്പാരപ്പടവ്, റസാഖ് മുസ്‌ലിയാർ, ഹിബത്തുല്ല മുസ്‌ലിയാർ, നൗഷാദ് നൂറാനി, സിറാജ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Related News