കല (ആർട്ട്) കുവൈറ്റ് "നിറം-2022" ചിത്രരചനാ മത്സരം വർണ്ണാഭമായി

  • 21/11/2022



തുടർച്ചയായ 18-ആം വർഷവും നിറങ്ങളുടെ വർണ്ണ വൈവിധ്യം സൃഷ്ടിച്ചുകൊണ്ട് ഒരു ശിശുദിനാഘോഷം കൂടി കുവൈറ്റിൽ ചരിത്രം കുറിച്ചു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മത്സരമായ "നിറം 2022"  നവംബര് 18 ന് വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി  എൽകെജി മുതൽ 12 -ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 2800-ൽ അധികം കുട്ടികൾ പങ്കെടുത്തു. 

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 132 -ആം ജന്മദിനത്തോടനുബന്ധിച്ചു  കുവൈറ്റിലെ ഇന്ത്യന് സ്കൂള് കുട്ടികള്ക്കായി ബൈജൂസ് ലേർണിംഗ് ആപ്പുമായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ്   പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ് ക്യാൻവാസ് പെയിന്റിംഗും ഉണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും മത്സരത്തിൽ പങ്കുചേർന്നു.

ഇഫ്‌കോ മാർക്കെറ്റിങ്ങ് മാനേജർ നാഗരാജൻ പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ഗീതിക അഹൂജ, അമേരിക്കൻ ടൂറിസ്റ്റർ പ്രധിനിധി മുരളി എന്നിവർ ആശംസ പറഞ്ഞു. ബി.ഇ.സി. എക്സ്ചേഞ്ച് പ്രധിനിധി രാംദാസ് ഓപ്പൺ ക്യാൻവാസ് പെയിന്റിംഗ് ഉദ്‌ഘാടനം ചെയ്തു.  കല(ആർട്ട്)  കുവൈറ്റ് പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി രാകേഷ് പി.ഡി.,  പ്രോഗ്രാം ജനറൽ കൺവീനർ അജിത് കുമാർ, ട്രെഷറർ അഷ്‌റഫ് വിതുര, ഫാബെർ കാസ്റ്റിലെ പ്രധിനിധി കാർത്തിക് റുവൈസ്, ആസ്പയർ സ്കൂൾ മാനേജർ ടോബി, ബദർ അൽ സമ മാനേജർ അബ്ദുൽ ഖാദർ, ജോസ് ആലുക്കാസ് മാനേജർ അസീസ്,  കല(ആർട്ട്) ഭാരവാഹികൾ അനീച്ച ഷൈജിത്, ജ്യോതി ശിവകുമാർ, മുകേഷ് വി പി, ശിവകുമാർ, കെ സാദിഖ്, ആ൪ട്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, എം. വി. ജോണ്‍, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ എന്നിവരും  ഉത്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു. 

ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സന്ദർശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാൽ സ്കൂൾ അങ്കണം നിറഞ്ഞു കവിഞ്ഞു. ശശി കൃഷ്ണൻ, എം. വി. ജോണ്‍, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ എന്നിവരോടൊപ്പം നൂറോളം വോളണ്ടിയേഴ്‌സ് മത്സരം നിയന്ത്രിച്ചു. 

റിസൾട്ട്‌ ഡിസംബർ 1-ആം തിയ്യതി ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും റിസൾട്ട്‌ എത്തിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക്  മെറിറ്റ്‌ പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. ഡിസംബർ 9-ആം തിയ്യതി അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കും.

കുട്ടികളുടെ കലാപരമായ കഴിവുകൾ വള൪ത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം 2022  എന്ന പരിപാടി വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സന്തുഷ്ട്ടിയും സംതൃപ്തിയും രേഖപ്പടുത്തിയതോടൊപ്പം ഇതുമായി സഹകരിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും മറ്റു സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കൾക്കും സ്പോണ്‍സ൪മാ൪ക്കും നന്ദി രേഖപ്പെടുത്തുന്നതായും അഷ്‌റഫ് വിതുര നന്ദി പ്രസംഗത്തിലൂടെ അറിയിച്ചു.

Related News