സി.ബി.എസ്. സി. അത്ലറ്റിക് മീറ്റ് – 19 ആം തവണയും ഐ.സി.എസ്.കെ ചാംപ്യൻമാർ

  • 22/11/2022


സി.ബി.എസ്.സി കുവൈറ്റ് ക്ളസ്റ്ററിന്റെ 24-ാമത് അത് ലറ്റിക് മീറ്റ് നവംബർ 13, 14, 15 തീയതികളിൽ അഹ്മദി അൽ ഷബാബ് സ്പോർട്ടിംഗ് ക്ളബ്ബിൽ വെച്ചു നടന്നു. ഇന്ത്യൻ കമ്യൂണിറ്റി സ്ക്കൂൾ കുവൈറ്റ് ആതിഥേയരായ മീറ്റിൽ കുവൈറ്റിലെ 22 സ്ക്കൂളുകളിൽ നിന്നുമായി 1300-ൽ പരം അത് ലറ്റുകൾ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിൽ, കുവൈറ്റ് ദേശീയ പതാക ശ്രീമതി. ആശാ ശർമ്മയും (ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാഡമി പ്രിൻസിപ്പൽ) ശ്രീ. ടി. പ്രേം കുമാറും (ഇന്ത്യൻ എഡ്യൂക്കേഷണൽ സ്ക്കൂൾ പ്രിൻസിപ്പൽ) ചേർന്ന് ഉയർത്തി. ഇന്ത്യയുടെ ദേശീയ പതാക ഡോ. അനീസ് അഹമ്മദ് (സാൽമിയ ഇന്ത്യൻ മോഡൽ സ്ക്കൂൾ പ്രിൻസിപ്പൽ), ഡോ. അച്യുതൻ മാധവ് (ജാബ്രിയ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൽ) എന്നിവർ ചേർന്ന് ഉയർത്തി. ഡോ. വി. ബിനുമോൻ (ഐ. സി. എസ്. കെ പ്രിൻസിപ്പൽ & സീനിയർ അഡ്മിനിസ്റ്റ്രേറ്റർ) സി.ബി.എസ്.സി പതാക ഉയർത്തി, സ്വാഗതമാശംസിച്ചു. കുമാരി. റിങ്കിൾ കൽപേഷ് അത്ലറ്റുകൾക്കുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. ഐ.സി.എസ്.കെ സ്ക്കൂൾ ബാന്റിനു പിന്നിൽ മീറ്റിൽ പങ്കെടുത്ത അത് ലറ്റുകൾ നിരന്ന മാർച്ച് പാസ്റ്റ്, യുവ കായിക താരങ്ങളുടെ കരുത്തിന്റെ ഗാംഭീര്യം വിളിച്ചോതി. ഡോ. വി. ബിനുമോൻ, ഡോ. ടി. പ്രേംകുമാർ എന്നിവർ ബലൂണുകൾ പറത്തിക്കൊണ്ട് കായികമേള ഉത്ഘാടനം ചെയ്തു.

കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ 341 പോയിന്റുകളുടെ ലീഡ് സ്കോറോടെ തുടർച്ചയായ 19-ാം വർഷവും സിബിഎസ്ഇ കുവൈറ്റ് ക്ലസ്റ്റർ അത് ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായി. 307 പോയിന്റുമായി യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ രണ്ടാം സ്ഥാനവും 247 പോയിന്റോടെ ഫഹാഹീൽ അൽ വത്തനിയ ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിലും അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിലും അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിലും ഐസിഎസ്‌കെ ചാമ്പ്യൻഷിപ്പ് നേടി. അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ എട്ടാം ക്ലാസിലെ മാസ്റ്റർ ആനന്ദ് അർജുൻ, അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ പത്താം ക്ലാസിലെ മാസ്റ്റർ മുഹമ്മദ് ഷീറാസ്, അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ പത്താം ക്ലാസിലെ മിസ് സാനിയ ഷാജൻ എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി. ഐസിഎസ്കെ 13 സ്വർണവും 19 വെള്ളിയും 12 വെങ്കലവും ഉൾപ്പടെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചു.

ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർമാരുടെയും സപ്പോർട്ടിംഗ് സ്റ്റാഫിന്റെയും ആത്മാർത്ഥമായ പരിശ്രമത്തോടൊപ്പം വിദ്യാർത്ഥികളുടെ തികഞ്ഞ പ്രതിബദ്ധതയും അർപ്പണ മനോഭാവവും ഐസിഎസ്കെ ടീമിന്റെ തകർപ്പൻ വിജയങ്ങൾക്ക് നിദാനമായി. ഐ.സി.എസ്.കെ.ബോർഡ് ഓഫ് ട്രസ്റ്റീസ്, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് എന്നിവർ കായികതാരങ്ങളെ അഭിനന്ദിക്കുകയും സ്‌കൂളിലേക്ക് ഈ പുരസ്‌കാരം കൊണ്ടുവരാൻ തീവ്രമായി പ്രവർത്തിച്ച ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർമാരുടെയും സപ്പോർട്ടിംഗ് സ്റ്റാഫിന്റെയും ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ദേശീയ മീറ്റിൽ പങ്കെടുക്കാൻ പോകുന്ന താരങ്ങളെ ആവേശപൂർവ്വം അഭിവാദനം ചെയ്ത് സ്ക്കൂൾ അധികൃതരും രക്ഷകർത്താക്കളും ഹർഷാരവങ്ങൾ മുഴക്കി. അടുത്ത കായികമേള മുന്നിൽ കണ്ടുള്ള പരിശീലനപ്രവർത്തനങ്ങൾ ഉടനേ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യൻ കമ്യൂണിറ്റി സ്ക്കൂൾ കുവൈറ്റ്.

2022 നവംബർ 15-ന് നടന്ന സമാപന ചടങ്ങിന്, കാർമൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മരിയ ക്രിസ്റ്റി സ്വാഗതം പറഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർ വിതരണം ചെയ്തു. ഐസിഎസ്കെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. വി ബിനുമോൻ വിജയികളെയും പങ്കെടുത്തവരെയും അനുമോദിക്കുകയും ഓവറോൾ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. മറുനാട്ടിൽ പ്രവാസികളായി കഴിയുമ്പോഴും, വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരത്തോടൊപ്പം, കായികവും മാനസികവും വ്യക്തിത്വപരവുമായ സമഗ്ര വികസനത്തിന് തുല്യപ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഗൾഫ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.പ്രശാന്ത് വാസുദേവ് ​​നന്ദി പറഞ്ഞു.

Related News