ഗര്‍ഭിണിയായ സ്ത്രീ റോഡില്‍ പ്രസവിച്ചു; ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചെന്ന് ആരോപണം

  • 22/11/2022

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഗര്‍ഭിണിയായ സ്ത്രീ റോഡില്‍ പ്രസവിച്ചു. ആശുപത്രിക്ക് സമീപത്തെ റോഡിലാണ് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രി പ്രവേശനം നിഷേധിച്ചെന്നാണ് ആരോപണം.

തിരുപ്പതി മെറ്റേണിറ്റി ഹോസ്പിറ്റലിനു മുന്നില്‍ ബെഡ്ഷീറ്റ് കൊണ്ട് മറച്ചാണ് യുവതിക്ക് പ്രസവിക്കാന്‍ സൗകര്യമൊരുക്കിയത്. ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് റോഡില്‍ പ്രസവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സ്ത്രീകള്‍ ഗര്‍ഭിണിയായ സ്ത്രീയെ സഹായിക്കുന്നതും ഇവര്‍ വേദന കൊണ്ട് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. 

അറ്റന്‍ഡര്‍മാരില്ലെന്ന് പറഞ്ഞാണ് ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുവതിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി വിസമ്മതിച്ചിട്ടില്ലെന്ന് തിരുപ്പതി ജില്ലാ കലക്ടര്‍ പറഞ്ഞു. 

ആശുപത്രിക്ക് സമീപത്തെ ചായക്കടയിലാണ് യുവതി വീണത്. ആശുപത്രി ജീവനക്കാര്‍ യുവതിയെ കണ്ടെങ്കിലും പ്രസവത്തിന്റെ അവസാന ഘട്ടത്തിലായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ല. അവിടെ തന്നെ പ്രസവിക്കാന്‍ സഹായിച്ചെന്നും അമ്മയെയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് കലക്ടര്‍ പറയുന്നത്.

Related News