അരുണ്‍ ഗോയലിനെ തെരഞ്ഞടുപ്പ് കമീഷണറായി നിയമിച്ചതിന്‍റെ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രിം കോടതി

  • 23/11/2022

ന്യൂഡല്‍ഹി: അരുണ്‍ ഗോയലിനെ തെരഞ്ഞടുപ്പ് കമീഷണറായി നിയമിച്ചതിന്‍റെ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രിം കോടതി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍, തെരഞ്ഞെടുപ്പ് കമീഷണര്‍ എന്നിവരുടെ നിയമന സംവിധാനത്തിന്‍റെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.


നിയമനഫയലുകള്‍ വ്യാഴാഴ്ച ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. നിയമനം നടന്നത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കാനാണ് ഫയലുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്ന് കോടതി വ്യക്തമാക്കി. അതേസമയം, അരുണ്‍ ഗോയലിന്‍റെ നിയമനം ശരിയായ രീതിയിലല്ല നടന്നതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. വ്യാഴാഴ്ച വരെ സെക്രട്ടറി തലത്തിലുള്ള ജോലി ചെയ്ത അരുണ്‍ ഗോയലിന് അടുത്തദിവസം സ്വയം വിരമിക്കാന്‍ അനുമതി നല്‍കുകയും ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കുകയുമായിരുന്നെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ശനിയാഴ്ചയാണ് അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഔദ്യോഗിക പദവികളില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. പിറ്റേദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചു. തുടര്‍ന്ന് നിയമനം ശരിയായ രീതിയിലല്ല നടന്ന ആരോപണവും ശക്തമായിരുന്നു.

Related News