രോഗിയുടെ മരണം: അനീമിയക്കുള്ള കുത്തിവെപ്പ് നിര്‍ത്തിവെക്കാന്‍ മഹാരാഷ്ട്ര എഫ്‌.ഡി.‌എ

  • 23/11/2022

പുണെ: അനീമിയക്കുള്ള കുത്തിവെപ്പ് നിര്‍ത്തിവെക്കാന്‍ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്‌.ഡി.‌എ) രാജ്യത്തെ എല്ലാ ഡ്രഗ് കണ്‍ട്രോളര്‍ അതോറിറ്റികളോടും ആവശ്യപ്പെട്ടു. ഒറോഫര്‍ എഫ്‌.സി‌.എമ്മിന്റെ മരുന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം. കുത്തിവെപ്പ് നല്‍കിയതിന് പിന്നാലെ മുംബൈയില്‍ രോഗി മരിച്ചതിനെ തുടര്‍ന്നാണിത്.


മരുന്നിന്റെ പ്രതികൂല പ്രവര്‍ത്തനത്തെ തുടര്‍ന്ന് മുംബൈയിലെ സൈഫി ആശുപത്രിയില്‍ ഒരാള്‍ മരിച്ചതായി എഫ്‌.ഡി.‌എയുടെ പുണെ ഡിവിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അയേണിന്‍റെ കുറവ് വിളര്‍ച്ച എന്നീ ചികിത്സക്ക് വേണ്ടിയാണ് കുത്തിവെപ്പ് നടത്തുന്നത്.

മരുന്നുകള്‍ തിരിച്ചെടുക്കണമെന്ന് മരുന്ന് നിര്‍മാതാക്കളായ എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് ആവശ്യപ്പെട്ടതായി എഫ്.ഡി.എ ജോയിന്റ് കമീഷണര്‍ എസ്.പി പാട്ടീല്‍ പറഞ്ഞു. മരുന്നിന്റെ പ്രതികൂല പ്രവര്‍ത്തനം കാരണമാണ് സൈഫി ആശുപത്രിയില്‍ ഒരാള്‍ മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മരുന്നിന്‍റെ പേരില്‍ വിപണിയില്‍ ഇറങ്ങുന്ന വ്യാജ മരുന്നുകള്‍ ആയിരിക്കും സംഭവത്തിന് പിന്നിലെന്ന് കമ്ബനി വിശദീകരിച്ചു. കമ്ബനിയുടെ മരുന്നിന്‍റെ പേരില്‍ വ്യാജ മരുന്നുകള്‍ വിപണിയില്‍ വില്‍ക്കുന്നുണ്ടെന്നും കമ്ബനി എഫ്.ഡി.എയോട് പറഞ്ഞു. സംഭവത്തില്‍ എഫ്.ഡി.എയുടെ സംഘം അന്വേഷണം തുടരുകയാണെന്നും വിതരണക്കാരില്‍ നിന്ന് മരുന്നിന്റെ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനക്കയച്ചിട്ടുണ്ടെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

Related News