കാട്ടിൽ നിന്നും ലഭിച്ച കൂണുകൾ പാകം ചെയ്ത് കഴിച്ച അച്ഛനും മകനും മരിച്ചു

  • 23/11/2022

ബെൽത്തങ്ങാടി: കർണാടകയില്‍ വിഷ കൂണുകള്‍ കഴിച്ച അച്ഛനും മകനും മരിച്ചു. ദക്ഷിണ കന്നഡയിലുള്ള ബെൽത്തങ്ങാടിയിലാണ് സംഭവം. 80കാരനായ ഗുരുവയും അദ്ദേഹത്തിന്റെ മകൻ 41കാരനായ ഒഡിയപ്പയുമാണ് മരിച്ചത്. പടുവെട്ട് താലൂക്കിലുള്ള പല്ലാഡപാൽക്ക എന്ന പ്രദേശത്താണ് സംഭവം ഉണ്ടായത്. 

മക്കളായ ഒഡിയപ്പയ്ക്കും കർത്തയ്ക്കും ഒപ്പമാണ് ഗുരുവ താമസിച്ചിരുന്നത്. അടുത്തുള്ള കാട്ടിൽ നിന്നും ലഭിച്ച കൂൺ പാകം ചെയ്തത് ഒഡിയപ്പയാണ്. അന്നത്തെ ദിവസം കർത്ത നഗരത്തിലേക്ക് പോയിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് സഹോദരനെയും അച്ഛനെയും വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കൂൺ കറി കഴിച്ച ഗുരുവയ്ക്കും ഒഡിയപ്പയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് കരുതുന്നത്. ഇരുവരും നിലത്ത് വീഴുകയും ഛർദ്ദിക്കുകയും മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തിട്ടുണ്ട്. വീട്ടിലെ അടുക്കളയിൽ നിന്നും കൂൺ കറി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് മരണകാരണം വിഷക്കൂണുകൾ കഴിച്ചതാവാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
 
 

Related News