കമിതാക്കളെ വിളിച്ചുവരുത്തി ദേഹത്ത് പശ ഒഴിച്ച ശേഷം കൊലപ്പെടുത്തി; വ്യാജസിദ്ധന്‍ അറസ്റ്റില്‍

  • 23/11/2022

രാജസ്ഥാന്‍: രാജസ്ഥാനില്‍ അധ്യാപകരായ യുവാവിനേയും യുവതിയേയും വിളിച്ചുവരുത്തി ശരീരത്തില്‍ പശ ഒഴിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തിയ വ്യാജസിദ്ധന്‍ അറസ്റ്റില്‍. 55-കാരനായ ഭലേഷ് കുമാര്‍ ആണ് പിടിയിലായത്. അധ്യാപകനായ രാഹുല്‍ മീനയും (30) സോനു കുന്‍വറുമാണ് (28) കൊല്ലപ്പെട്ടത്. 

നവംബര്‍ 18ന് രാജസ്ഥാനിലെ ഉദയ്പുരിലെ കേലാഭബാവഡിയിലെ വനമേഖലയിലാണ് യുവാവിന്റേയും യുവതിയുടേയും നഗ്‌ന ശരീരങ്ങള്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള വിവാഹിതരായ കമിതാക്കള്‍ ബദാവി ഗുദായിലുള്ള ഇച്ഛപൂര്‍ണ ശേഷ്നാഗ് ബാവ്ജി ക്ഷേത്ര സന്ദര്‍ശനത്തിനിടെയാണ് കണ്ടുമുട്ടിയത്. പിന്നീട് അടുപ്പത്തിലാകുകയും ചെയ്തു. 

ഇവരുടെ ബന്ധത്തിന്റെ പേരില്‍ രാഹുല്‍ തന്റെ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതോടെ രാഹുലിന്റെ ഭാര്യ ഭലേഷ് കുമാറിന്റെ സഹായം തേടി. സോനുവിനോട് താത്പര്യമുണ്ടായിരുന്ന ഭലേഷ് കുമാർ, രാഹുലും സോനുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുലിന്റെ ഭാര്യയെ അറിയിച്ചു. ഇതറിഞ്ഞ രാഹുലും സോനുവും വ്യാജ പീഡന പരാതി നൽകുമെന്ന് പറഞ്ഞ് ഭലേഷ് കുമാറിനെ  ഭീഷണിപ്പെടുത്തി. 

വർഷങ്ങളായി താൻ നേടിയെടുത്ത ജനപ്രീതി നഷ്ടമാകുമെന്ന ഭീതിയിൽ ഭലേഷ് കുമാർ രാഹുലിനെയും സോനുവിനെ‍യും കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. ഇതിനായി സൂപ്പർ​ഗ്ലൂ പശയുടെ 50 ട്യൂബുകൾ വാങ്ങി അവയെല്ലാം ഒന്നിച്ച് ഒരു കുപ്പിയിലേക്കാക്കി. ശേഷം നവംബർ 15ന് രാഹുലിനോടും സോനുവിനോടും വനത്തിനുള്ളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാൻ ഭലേഷ് കുമാർ ആവശ്യപ്പെട്ടു. 

തന്റെ മുന്നിൽ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാനും ഇവരോട് പറഞ്ഞു. ഇവർ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന സമയത്ത് പശ ഇവരുടെ ദേഹത്തേക്ക് ഒഴിച്ചു. അനങ്ങാൻ വയ്യാതായ ഇവരെ ഭലേഷ് കുമാർ ആക്രമിക്കുകയായിരുന്നു. 
രാഹുലിന്റെ കഴുത്തറക്കുകയും സോനുവിനെ കുത്തി മുറിവേൽപിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 50 സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും 200 ഓളം പേരെ ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ഭലേഷ് കുമാർ പിടിയിലായത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.

Related News